”നിങ്ങളിലെ നിങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. അതിലേയ്ക്ക് നോക്കുക. നിങ്ങളിലെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നില്ലെങ്കില്‍ ഒരു ശില്‍പിയേപ്പോലെ നിങ്ങള്‍ പണി തുടരേണ്ടതുണ്ട്. ദൈവതുല്യമായ ഗുണങ്ങളുടെ ശോഭ നിങ്ങളില്‍ തെളിഞ്ഞുവരും വരെ, നിങ്ങളിലെ ദൈവബിംബത്തെ കൊത്തിയെടുക്കുംവരെ ഇത് തുടര്‍ന്ന് പോവുക…” കേരളത്തില്‍ ജനിച്ച് കാലിഫോര്‍ണിയയില്‍  അന്ത്യനിദ്രപൂകിയ ലോകപ്രശസ്ത ആത്മീയ ഗുരുവും ഗ്രന്ഥകാരനും ധ്യാന മനീഷിയുമായിരുന്ന ഏകനാഥ് ഈശ്വരന്റെ ചിന്തോദ്ദീപകമായ ഈ വാക്കുകള്‍ റെനി പൗലോസ് എന്ന പൊതു പ്രവര്‍ത്തകയുടെ കര്‍മവീഥിയില്‍ പ്രശോഭിക്കുന്നത് നമുക്ക് കാണാം…
ചെങ്ങന്നൂരിന് സമീപം കല്ലിശേരിക്കടുത്തുള്ള പ്രയാര്‍ എന്ന ഗ്രാമത്തിന്‍ ജനിച്ചുവളര്‍ന്ന് കൗമാരപ്രായത്തില്‍ കടല്‍കടന്നെത്തിയ റെനി പൗലോസ് കണിശതയാര്‍ന്ന സഹജീവി സ്‌നേഹവും കറയറ്റ പ്രതിജ്ഞാ ബദ്ധതയും മുഖമുദ്രയാക്കി ഫോമയുടെ വൈസ് പ്രസിഡന്റ് പദത്തിലേയ്ക്ക് മല്‍സരിക്കുമ്പോള്‍ ഈ ബഹുമുഖ പ്രതിഭയെ തീര്‍ച്ചയായും അടുത്തറിയേണ്ടതുണ്ട്.  ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എസ്.സി പാസായ ശേഷം പത്തൊന്‍പതാമത്തെ വയസില്‍,1987ല്‍ കാനഡയിലെത്തിയ റെനി അവിടെ ആര്‍.എന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും 1999ല്‍ കാലിഫോര്‍ണിയയിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. ഇവിടെ അലമേദ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ സെന്ററില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു.
ആരെയുമാകര്‍ഷിക്കുന്ന പ്രസന്ന വ്യക്തിത്വത്തിനുടമയായ റെനിയെ മലയാളികള്‍ ‘ഓള്‍ റൗണ്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ചോരാത്ത സംഘടനാ ശേഷിയും കിടയറ്റ നേതൃപാടവവും ജന്‍മസിദ്ധമായി തന്നെ കൈവന്നിട്ടുള്ള റെനി പൗലോസ് സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങളില്‍ മികച്ച സംഘാടകയെന്ന ഖ്യാതി നേടിയിട്ടുണ്ട്. സ്വജീവിതത്തില്‍ സങ്കുചിതത്വങ്ങളില്ലാത്ത സൗഹൃദത്തിനും മഹത്തരമായ മാനവിക മൂല്യങ്ങള്‍ക്കും പ്രഥമ സ്ഥാനം കല്‍പ്പിക്കുന്ന റെനി തികഞ്ഞ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്.
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയില്‍ (MANCA) കമ്മറ്റി അംഗമായി ഏറെക്കാലം സേവനം ചെയ്ത റെനിയുടെ പ്രവര്‍ത്തന ശൈലിയിലും ഇഛാശക്തിയിലും ആകൃഷ്ടനായ, അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റ് കളത്തില്‍ പാപ്പച്ചനാണ് റെനിയെ ഫോമയ്ക്ക് പരിചയപ്പെടുത്തുന്നത്. 2010-’12 കാലഘട്ടത്തില്‍ ഫോമ നാഷണല്‍ കമ്മറ്റിയില്‍ വനിത പ്രതിനിധിയായി. 2012-’14 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലിരുന്ന് മാതൃകാപരവും സമാനതകളില്ലാത്തതുമായ പ്രവര്‍ത്തന നേട്ടങ്ങള്‍ കൈവരിക്കാന്‍  റെനിക്ക് കഴിഞ്ഞുവെന്നത് മലയാളികള്‍ക്ക്, പ്രത്യേകിച്ച് ഈ കര്‍മഭൂമിയിലെ വനിതാ സമൂഹത്തിന് ഒന്നാകെ അഭിമാനകരമാണ്.
ഫോമ 2013ല്‍ നടത്തിയ കേരള കണ്‍വന്‍ഷന്റെയും 2012, ’13 വര്‍ഷങ്ങളില്‍ യഥാക്രമം ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച യംഗ് പ്രൊഫഷണല്‍ സമ്മിറ്റിന്റെയും 2014ല്‍ ഫിലഡല്‍ഫിയയില്‍ അരങ്ങേറിയ നാഷണല്‍ കണ്‍വന്‍ഷന്റെയും ഗംഭീര വിജയത്തിനു പിന്നില്‍ റെനിയുടെ ആത്മാര്‍ത്ഥതയും അര്‍പണബോധവും കാര്യപ്രാപ്തിയുമുണ്ടായിരുന്നുവെന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ എളിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് പറയുന്ന റെനി തന്റെ ആശയും അഭിലാഷവും ഭാവി പ്രതീക്ഷയും വ്യക്തമാക്കി ഇ-മലയാളിയുടെ അഭിജാത വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മുന്നില്‍ മനസു തുറക്കുന്നു…
ഫോമ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേയ്ക്ക് ‘സ്‌പോര്‍ട്‌സ്‌വുമണ്‍’ സ്പിരിറ്റോടേ മല്‍സരത്തിനിറങ്ങുന്ന, എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ആദ്യ വനിത കൂടിയായ റെനി പൗസോസുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…
? മല്‍സര രംഗത്തേയ്ക്ക് വീണ്ടും എങ്ങനെയെത്തി…
* കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. പലരും നിര്‍ബന്ധിച്ചതിനാല്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല സമൂഹത്തിനു വേണ്ടി എന്നാലാവുന്ന, പ്രയോജനകരമായ എന്തെങ്കിലും ചെയ്യാനുള്ള ഉള്‍കടമായ ആഗ്രഹം മനസിലുണ്ട്. ഫോമയിലൂടെ അത് സാധിക്കുമെന്നുള്ള ഉത്തമ വിശാസമുള്ളതുകൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു കൈ നോക്കുന്നത്.
? കഴിഞ്ഞകാല പ്രവര്‍ത്തന നേട്ടങ്ങള്‍…
* ഫോമയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഒരു അഫിലിയേഷന്‍ ഉണ്ടാക്കുന്നതില്‍ എളിയ പങ്കാളിത്തം വഹിച്ചു. നേഴ്‌സിങ്ങില്‍ ഡിപ്ലോമ ഉളളവര്‍ക്ക് ബിരുദത്തിന് പോകാതെ നേരിട്ട് മാസ്റ്റേഴ്‌സ് പ്രോഗ്രാം ചെയ്യുന്നതിനുള്ള അഫിലിയേഷനാണിത്. അഡ്മിഷനില്‍ മലയാളികള്‍ക്ക് 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നു. ആയിരത്തിലധികം മലയാളികള്‍ക്ക് ഇത്തരത്തില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോഴും വിജയകരമായി തുടരുന്നു. പിന്നെ കേരള കണ്‍വന്‍ഷനിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗഭാക്കായി. പാവപ്പെട്ടവര്‍ക്ക് വീല്‍ ചെയറുകള്‍ നല്‍കി. വ്യക്തിപരമായും അല്ലാതെയും നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായമെത്തിച്ചു. ഫോമ-ആര്‍.സി.സി പ്രോജക്ടിനു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
? നാടിന് പ്രയോജനകരമായ എന്തെങ്കിലും…
* തീര്‍ച്ചയായും എന്റെ മനസിലതുണ്ട്. നാട്ടിലെ ആലംബഹീനരും നിര്‍ധനരുമായ രോഗികള്‍ക്കും മറ്റുമായി അര്‍ത്ഥവത്തായ ജീവകാരുണ്യ പ്രവര്‍ത്തി ചെയ്യണമെന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫോമയിലെ സേവനത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു.
? സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ റെനിയുടെ പ്രകടനപത്രകയിലെന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്…
* ഞാന്‍ അതുചെയ്യും ഇതു ചെയ്യും എന്നൊക്കെയുള്ള വാഗ്ദാനങ്ങളെന്നും നിരത്തുന്നില്ല. നേതൃ സ്ഥാനത്തേയ്ത്ത് വരുവാന്‍ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുവാനുള്ള വിവേകം അംഗങ്ങള്‍ക്കുണ്ട്. ഫോമയുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ അംഗങ്ങള്‍ തിരഞ്ഞെടുക്കണം. അതിന് പാനലോ, പാര്‍ട്ടിയോ, മതമോ തടസമാകരുത്. ഞാന്‍ ജയിച്ചാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏത് ആള്‍ക്കാരായാലും അവര്‍ക്കൊപ്പം നിന്ന് പൂര്‍ണമനസോടും പൂര്‍ണ സഹകരണത്തോടും കൂടി പ്രവര്‍ത്തിക്കും. നിലവിലൂള്ള പ്രോജക്ടുകളുടെ തുടര്‍ച്ചയ്ക്കും ഭാവിയില്‍ ആവിഷ്‌കരിക്കപ്പെടാന്‍ പോകുന്നവയുടെ വിജയത്തിനുമായി എന്റേതായ ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വയ്ക്കും.
? വ്യക്തിപരമായ അജണ്ടയും ആശയങ്ങളും…
* ഉണ്ട്. ഇന്നാട്ടില്‍ നാമറിയാതെ രേഗങ്ങളും മറ്റ് ദുരിതങ്ങളുമായി ജീവിക്കുന്ന ഒട്ടേറെ മലയാളികള്‍ ഉണ്ട്. മാനസികമായ അസുഖവും ഡിപ്രഷനും മൂലം നരകയാതന അനുഭവിക്കുന്നവര്‍. തങ്ങളുടെ സ്വകാര്യത നിലനിര്‍ത്താന്‍ ഇവര്‍ ഇക്കാര്യമൊന്നും പുറത്തുപറയാറില്ല. മറ്റാരെങ്കിലുമറിഞ്ഞാല്‍ അഭിമാന ക്ഷതമുണ്ടാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. മാനസികാരോഗ്യ പശ്‌നത്തെ തുടര്‍ന്ന് സമീപ കാലത്ത് ഏതാനും കൗമാര പ്രായക്കാര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറേ നാള്‍ മുമ്പ് കാലിഫോര്‍ണിയയില്‍ തന്നെ ഒരാള്‍ തന്റെ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു.  ഈ ദമ്പതികളെ അടുത്തറിയുന്നവര്‍ക്ക് ഇവര്‍ തമ്മില്‍ കൊലപാതകത്തോളം നയിച്ച ഗുരുതര കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു.
? ഇത്തരം ദുരന്തങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍…
* പരിഹാരം കാണാം. യോഗ്യതയുള്ള, പ്രൊഫഷണലായ സാമൂഹിക പ്രവര്‍ത്തകര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോതെറാപ്പിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ് തുടങ്ങയവര്‍ അമേരിക്കയിലെമ്പാടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നം ഉടലെടുക്കുമ്പോള്‍ ഇവരെ വേഗത്തില്‍ സമീപിക്കുക. വീട്ടിലുള്ള നോര്‍മലായിട്ടുള്ളവര്‍ വേണം ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത്. ഈ പ്രൊഫഷണലുകള്‍ രോഗികളുടെ പേരും മറ്റ് വിവരങ്ങളും പരമ രഹസ്യമാക്കി വച്ചുകൊള്ളും. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്ത് ഫോമയിലൂടെ നടപ്പാക്കാന്‍ വളരെ താത്പര്യമുണ്ട്.
? സംഘടനാ പ്രവര്‍ത്തനത്തിലേയ്ക്ക് എന്തുകൊണ്ട് താങ്കളെപ്പോലുള്ള വനിതകള്‍ കൂടുതലായി കടന്നുവരുന്നില്ല, നിങ്ങള്‍ പുരുഷ മേധാവിത്വത്തിന്റെ അടിമകളാണോ…
* എനിക്ക് പുരുഷന്‍മാരോട് ബഹുമാനമേയുള്ളൂ. ഞാനൊരു ഫെമിനിസ്റ്റല്ല. ഇന്ത്യക്കാരുടേത് പുരുഷ മാധാവിത്വമുള്ള സമൂഹമാണ്. പ്രത്യേകിച്ച് മലയാളി സമൂഹം. ഇന്ന് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്ന പുരുഷന്‍മാര്‍ക്ക് പിന്തുണയേകുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ പൊതുവെ ഒതുങ്ങിക്കൂടി കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അസാമാന്യ കഴിവുള്ള എത്രയോ വനിതകള്‍ നമ്മുടെയിടയിലുണ്ട്. അതുകൊണ്ട് അവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തേണ്ടത് പുരുഷന്‍മാരുടെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കളത്തില്‍ പാപ്പച്ചന്‍ എന്ന വ്യക്തിയാണ് എന്നെ സംഘടനാ പ്രവര്‍ത്തനരംഗത്തേയ്ക്ക് കൊണ്ടുവന്നത്. അതുകൊണ്ട് ഇവിടം വരെയെത്തുകയും ചെറിയ കാര്യങ്ങള്‍ നിര്‍വഹിക്കാല്‍ ഫോമ പോലുള്ള ഒരു വലിയ പ്ലാറ്റ്‌ഫോം കിട്ടുകയും ചെയ്തു.
? കുട്ടികളുടെ മലയാള പഠനം സംബന്ധിച്ച്…
* തീര്‍ച്ചയായും മലയാള ഭാഷയും കേരള ദേശവും വിട്ട് നമുക്കൊന്നുമില്ല. കുട്ടികള്‍ക്ക് മലയാളത്തനിമയും സംസ്‌കൃതിയും ഭാഷയും കരഗതമാക്കുവാന്‍ ഫോമയ്ക്ക് പദ്ധതിയുണ്ടല്ലോ. അത് കൂടുതല്‍ ശക്തവും വ്യാപകവുമാക്കേണ്ടതുണ്ട്.
? യുവാക്കളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍…അവരുടെ നിലവിലെ അവസ്ഥ…
* സങ്കടകരമാണ് എന്ന് പറയാതെവയ്യ. ഫോമയില്‍ യുവജനങ്ങളുടെ ക്രിയാത്മകമായ പ്രാതിനിധ്യം കാലഘട്ടത്തിനൊത്ത് വര്‍ധിക്കുന്നില്ല. അതിന് കാരണക്കാര്‍ മറ്റാരുമല്ല, മാതാപിതാക്കള്‍ തന്നെയാണ്. നമ്മള്‍ നമ്മളുടേതായ ഒരു സംഘടന ഉണ്ടാക്കുമ്പോള്‍, നമ്മുടേതായ കള്‍ച്ചറും തെറ്റും ശരിയും നിഗമനങ്ങളും ചിന്തയുമെല്ലാം ഏകപക്ഷീയമായി കുട്ടികളിലേയ്ക്ക് അടിച്ചേല്‍പ്പിക്കും. അത് അവരില്‍ വിരക്തിയേ ഉളവാക്കൂ. യൂത്തിനെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയസമീപനങ്ങളാണ് ബുദ്ധിപൂര്‍വം അവലംബിക്കേണ്ടത്. 
? ഈ രീതി നടപ്പാവുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടോ…
* നൂറുശതമാനം. ഫോമ അതിന് ശുഭാരംഭം കുറിക്കുകയാണ്. ജൂലൈയിലെ ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ യുവജനങ്ങളുടെയും കുട്ടികളുടെയും വിപുലമായ സ്റ്റേജ് പങ്കാളിത്തത്തിന്റെ പേരിലായിരിക്കും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. നാട്ടില്‍ നിന്ന് രാഷ്ട്രീയക്കാരെയോ സിനിമാക്കാരെയോ പാട്ട്, മിമിക്രിക്കാരെയോ ഒന്നും കൊണ്ടുവരുന്നില്ല. അവരെക്കൊണ്ട് ഇവിടുത്തെ യൂത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. അവരെ പൂര്‍ണമായും ഒവിവാക്കണമെന്നല്ല പറയുന്നത്, പക്ഷേ ഒരു ലിമിറ്റ് വയ്ക്കണം. പാട്ട് പാടാനും പ്രസംഗിക്കാനും നൃത്തം ചെയ്യാനുമൊക്കെ അസാമാന്യ കഴിവുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നമ്മുടെയിടയില്‍ ക്ഷാമമില്ലല്ലോ.
? റെനിയെന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടുകളുടെ സംഗ്രഹം…
* നമ്മുടെ സംസ്‌കാരം ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലായിരിക്കണം മുതിര്‍ന്നവരുടെ പ്രവര്‍ത്തനങ്ങള്‍. കാലികമായ സ്ഥിതിഗതികളെ മനസിലാക്കിവേണം ഏതൊരു സംഘടനയും പ്രവര്‍ത്തിക്കാല്‍. ഫോമ വളരെയേറെ നല്ല കാര്യങ്ങള്‍ സമൂഹത്തിനുവേണ്ടി ചെയ്യുന്നുണ്ട്. ഈ മഹത്തായ സംഘടനയുടെ വളര്‍ച്ച അസൂയാവഹമാണ്. ഫോമയുടെ പ്രവര്‍ത്തനം അതിന്റെ ഉച്ചകോടിയിലെത്തിക്കേണ്ടതുണ്ട്. മലയാളി സമൂഹം പോസിറ്റീവായി വളര്‍ന്നുവരണം. അതിനായി പ്രാര്‍ത്ഥിക്കുന്നു…പ്രവര്‍ത്തിക്കുന്നു. ഉദാത്തമായ ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സംഘടനാരപമായ ചട്ടക്കൂട് അത്യന്താപേക്ഷിതമാണ്. നമ്മുടെ നേട്ടപ്പട്ടിക കലഹരണപ്പെടാതിരിക്കാനുള്ള ഈ യാത്രയില്‍ ഏവരുടെയും അനുഗ്രഹീതമായ  കൈത്താങ്ങുണ്ടാകുമെന്ന് ആശിക്കുന്നു…നന്ദി…
***
പുരോഗമനപരവും വികസനോന്‍മുഖവുമായ ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും റെനിയുടെ സജീവ സാന്നിധ്യവും നിര്‍ലോഭമായ സേവനവുമുണ്ടായിരുന്നു. 2010ലെ ലാസ്‌വേഗാസ് കണ്‍വന്‍ഷനിലെ ‘മലയാളി മങ്ക’ മല്‍സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി മലയാളികളുടെ മനം കീഴടക്കിയ റെനി ഒരു സകലകലാവല്ലഭയാണ്. നന്നായി പ്രസംഗിക്കുകയും പാട്ടുപാടുകയും നൃത്തംചെയ്യുകയും കഥ, കവിത രചിക്കുകയും ചെയ്യുന്ന റെനിയുടെ മറ്റൊരു ഹോബി ആഴവും പരപ്പുമുള്ള വായനയാണ്. എറണാകുളം സ്വദേശിയായ ഭര്‍ത്താവ് ജോബി ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. ലോയറായ അനീഷയും ഏഴാം ക്ലാസില്‍ പഠിക്കുന്ന ഐസിസുമാണ് ജോബി-റെനി ദമ്പതികളുടെ പ്രിയ മക്കള്‍. 
കര്‍മകുശലതയും കാരുണ്യ ചിന്തയും നേതൃഗുണവുമുള്ള, സ്വാര്‍ത്ഥതയില്ലാതെ സംഘടനയെ ഉപാസിക്കാന്‍ മനസുള്ള റെനി പൗലോസ് ഫോമയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് ഇതിനോടകം പലവട്ടം തെളിയിച്ചുകഴിഞ്ഞു.getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here