Friday, April 26, 2024
spot_img

ചൂട്: ചില കരുതലുകള്‍

78
0

ദിവസംചെല്ലുന്തോറും ചൂട് ഏറിവരികയാണ്. വര്‍ധിച്ച ചൂടിനെ അതിജീവിക്കാനും ആരോഗ്യം നഷ്ടപ്പെടാതെ കാക്കാനും ജീവിതത്തില്‍ ചിട്ടകളും ഭക്ഷണകാര്യങ്ങളില്‍ മാറ്റങ്ങളും ജീവിതശൈലിയില്‍ ക്രമീകരണങ്ങളും വരുത്തേണ്ടതുണ്ട്.

ശരീരാവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാനും ഉത്തമ ആരോഗ്യം നിലനിര്‍ത്താനും പ്രാണവായു, ജലം, അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുക്കള്‍, ലവണങ്ങള്‍, ഇലക്‌ട്രോലൈറ്റ്, ഇരുമ്പുസത്ത് തുടങ്ങി അനേകം വസ്തുക്കള്‍ കൃത്യമായ അളവില്‍ ശരീരത്തിന് ലഭിക്കേണ്ടതുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ പ്രാണവായു കഴിഞ്ഞാല്‍ ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പദാര്‍ഥമാണ് ജലം.

ശരീരത്തിലെ മറ്റുഘടകങ്ങളെപ്പോലെയോ അതിലുപരിയോ ആയ ധര്‍മമാണ് ആരോഗ്യപരിപാലനത്തില്‍ ജലം നിര്‍വഹിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയെ നിര്‍ജലീകരണം എന്നുപറയുന്നു. രോഗംകൊണ്ടും അല്ലാതെയും ഇത് സംഭവിക്കാം.

കുടിക്കുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയുക, അത്യുഷ്ണത്തില്‍ ദീര്‍ഘസമയം ജോലിചെയ്യുക, വര്‍ധിച്ച വിയര്‍പ്പുമൂലം ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം രോഗങ്ങളൊന്നുമില്ലാതെതന്നെ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥാവിശേഷങ്ങളാകുന്നു.

ഡയബറ്റിസ് മെല്ലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടര്‍ച്ചയായ ഛര്‍ദി, തുടര്‍ച്ചയായ വയറിളക്കം, വര്‍ധിച്ച രക്തസ്രാവം തുടങ്ങിയവയെല്ലാം ശരീരത്തിലെ ജലാംശം കുറയ്ക്കുന്ന രോഗങ്ങളാകുന്നു.

ശരീരത്തിലെ ജലാംശത്തിന്റെ അളവ് തുടര്‍ച്ചയായി കുറഞ്ഞുപോയാല്‍ മൂത്രവ്യൂഹത്തില്‍ അണുബാധ, മൂത്രത്തില്‍ പഴുപ്പ്, വൃക്കയില്‍ കല്ലുകള്‍, കഫപാളികളില്‍ വരള്‍ച്ച, മലബന്ധം, വിശപ്പില്ലായ്മ, ത്വനേഗ്രാഗങ്ങള്‍, വൈറല്‍രോഗങ്ങള്‍, സൂര്യാതപം തുടങ്ങി പല വിഷമതകളുമുണ്ടാക്കുന്നു.

ചൂടുകാലാവസ്ഥയില്‍ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതുമൂലമുള്ള രോഗങ്ങളും മറ്റുവിഷമതകളും പിടിപെടാതിരിക്കാന്‍ ഒരു വ്യക്തി ദിവസവും മൂന്നുമൂന്നര ലിറ്റര്‍ വെള്ളം കുടിക്കണം. എന്നാല്‍, വര്‍ധിച്ച ചൂടില്‍ തുറന്ന സ്ഥലത്തുനിന്ന് ശാരീരികാധ്വാനം ചെയ്യുന്നവര്‍ അതില്‍ കൂടുതല്‍, അതായത് ദിവസവും മൂന്നര-നാലര ലിറ്റര്‍ വെള്ളം കുടിക്കണം.

ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ തോത് നികത്താന്‍ വെറും വെള്ളംതന്നെ കുടിക്കണമെന്നില്ല. ഇതിനായി മോര്, കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, വെജിറ്റബിള്‍ ജ്യൂസ്, കക്കിരി ജ്യൂസ്, പൊട്ടുവെള്ളരി ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ് എന്നിവയിലേതുമാകാം. വെള്ളം കുടിക്കുന്നതോടൊപ്പം പതിവായി ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ പ്രത്യേകിച്ച് വേവിക്കാതെ കഴിക്കുന്നവകൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

മാംസാഹാരം, പ്രത്യേകിച്ച് ചുവപ്പുനിറമുള്ളവയും കൊഴുപ്പടങ്ങിയതുമായ മാംസം വളരെ കുറയ്ക്കുക. ചൂടുകാലാവസ്ഥയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയുള്ള സമയത്ത് തുറന്ന സ്ഥലത്തെ ജോലികള്‍ കഴിവതും ഒഴിവാക്കുക. ദിവസവും രണ്ടോമൂന്നോ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുക.

ഓരോ ചൂടുകാലാവസ്ഥയിലും മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പിടിപെടാതെ ആരോഗ്യവാന്മാരായി ജീവിക്കാന്‍ കഴിയും.
 

 
 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: