കോഴിക്കോട് :എരഞ്ഞിപ്പാലം ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍  ഒന്നാം പ്രതി തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എബി നൌഫല്‍ (30)ന്  എട്ട് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറാണ് വിധിപറഞ്ഞത്.

കേസിലെ രണ്ടാം പ്രതിയായ വയനാട് മുട്ടില്‍  പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44),ക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ സുഗന്ധഗിരി പ്ളാന്റേഷന്‍ സ്വദേശിനി അംബികയെന്ന സാജിത(35) യ്ക്ക് മൂന്ന് വര്‍ഷം തടവും 25,000രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നാല് മുതല്‍ എട്ട് വരെ പ്രതികളെ കോടതി വെറുതെ വിട്ടു.
2015 മെയ് 28നാണ് എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതി പീഡനത്തിനിരയായത്. ഹാജി അലി മജാര്‍ മസ്ജിദ് കാണാന്‍ ഇന്ത്യയിലെത്തിയ മുപ്പത്തിനാലുകാരിയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്മെന്റില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ  ജോലി വാഗ്ദാനം ചെയ്താണ് കോഴിക്കോട്ടെത്തിച്ചത്. തീവണ്ടി യാത്രക്കിടെ ഡംഡം എന്ന സ്ഥലത്തുവച്ച് കഴിഞ്ഞ മെയ് 17ന് യുവതിയെ പരിചയപ്പെട്ട മുഖ്യപ്രതി എ ബി നൌെഫല്‍ വിഷദ്രാവകം മണപ്പിച്ച് മയക്കുകയും  മെയ് 27 ന് വയനാട് മുട്ടില്‍  പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍ ഭാര്യ  സാജിത എന്നിവര്‍ താമസിക്കുന്ന എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്മെന്റിലെത്തിക്കുകയുമായിരുന്നു. അവിടെ മുറിയില്‍ പൂട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.പിന്നീട് ഇവിടെ നിന്ന രക്ഷപെട്ട പെണ്‍കുട്ടി പൊലീസില്‍ അഭയം പ്രാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here