ന്യൂഡൽഹി: മോഷ്‌ടിക്കപ്പെടുകയോ ബലം പ്രയോഗിച്ചു കൊണ്ടുപോയതോ അല്ലാത്തതിനാൽ ലോകപ്രശസ്‌തമായ കോഹിനൂ‌ർ രത്നത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മഹാരാജാ രഞ്ജിത്ത് കുമാർ കോഹിനൂർ രത്നം ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ് ജനറൽ രഞ്ജിത്ത് കുമാർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. കൂടാതെ ഇതിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അഭിപ്രായവും പരിഗണിക്കാനുണ്ടെന്നും അവരുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 9ന് രത്നം തിരികെ കൊണ്ടുവരുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി അവശ്യപ്പെട്ടിരുന്നു. ആറാഴ്‌ചയ്‌ക്കുള്ളിൽ വ്യക്തമായ മറുപടി അറിയിക്കാനും നിർദ്ദേശിച്ചിരുന്നു.

ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആന്റ് സോഷ്യൽ ജസ്‌‌റ്റിസ് ഫ്രണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടത്. രത്നം തിരികെ കൊണ്ടുവരാൻ സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. 1850ൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ നിർബന്ധപ്രകാരമാണ് കോഹിനൂ‌ർ രത്നം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചത്. 105 കാരറ്റ് രത്നം തിരികെ കൊണ്ടുവരണമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 2013ൽ കോഹിനൂർ തിരികെ നൽകണമെന്ന ആവശ്യം ബ്രിട്ടീഷ് ഗവൺമെന്റ് തള്ളിക്കളഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here