തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ജലഗതാഗത സൗകര്യമുള്ള നഗരമായി കൊച്ചിയെ മാറ്റുന്ന ജല മെട്രോ നാല് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശാല കൊച്ചി മേഖലയില്‍ 747 കോടി രൂപയുടെ സംയോജിത ജലഗതാഗത പദ്ധതിയ്ക്കായുള്ള കരാറില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ കേരള സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്‌ള്യുവും ഒപ്പിട്ടു.

കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസ് എന്ന നിലയിലാണ് ജല മെട്രോ പ്രവര്‍ത്തിക്കുക. പദ്ധതി പ്രകാരമുള്ള പുതിയ ബോട്ടുകളില്‍ മെട്രോ റെയിലിലെ അതേ യാത്രാ അനുഭവമാകും ഒരുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗര ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഇത്ര വിപുലമായ നിക്ഷേപം രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതി സൗഹൃദ നഗര ഗതാഗത പദ്ധതിയുടെ ഭാഗമായുള്ള ഇന്തോ ജര്‍മ്മന്‍ ഉഭയകക്ഷി സഹകരണത്തിലൂടെയാണ് പദ്ധതിക്കുള്ള നിക്ഷേപം എത്തുന്നത്. എസി വൈഫൈ സൗകര്യങ്ങളൊടെയുള്ള 50 മുതല്‍ 100 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന യാത്രാ ബോട്ടിന്റെ രണ്ട് മാതൃകകളാണ് പരിഗണനയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ജെട്ടികളിലേയ്ക്കുള്ള നിലവിലെ റോഡു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ദ്വീപുകള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധം റോഡുകളില്‍ വിളക്കുകാലുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുകയും ചെയ്യുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബോട്ടുജെട്ടികളിലേക്ക് ചെറിയ ഫീഡര്‍ ബസുകളും ഇറിക്ഷകളും സര്‍വ്വീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here