ബീജിങ്ങ്: ചൈനയിൽ 24കാരി യുവതി ഇത്രയും നാൾ ജീവിച്ചത് തലച്ചോറിന്റെ പ്രധാന ഭാഗമായ സെറിബെല്ലമില്ലാതെ. ഒരു വ്യക്തിയുടെ ശരീരത്തിലുള്ള മുഴുവൻ നാഡീകോശങ്ങളുടെ അമ്പതു ശതമാനവും വഹിക്കുന്നത് ഈ ഭാഗത്തിലാണ്. യുവതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അവർക്ക് തന്റെ അവസ്ഥയെ കുറിച്ച് ഇത്രയും നാൾ അറിവില്ലായിരുന്നു എന്നതാണ് മറ്റൊരു അതിശയം. തലകറക്കവും മോഹാലസ്യവും പതിവായപ്പോൾ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകളിൽ അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ‌ഡോക‌ടർമാർ സി.എ.ടി സ്‌കാൻ നടത്താൻ തീരുമാനിച്ചു.

അപ്പോഴാണ് അവരെ ഞെട്ടിച്ച കാര്യം പുറത്തുവന്നത്. സെറിബെല്ലം വരേണ്ട ഭാഗത്ത് ഒരു വലിയ വിടവ് മാത്രം. ശരീരത്തിന്റെ സമനില, സ്വമേധയായുള്ള ചലനങ്ങൾ, സംസാരം, പഠിക്കാനുള്ള കഴിവ് എന്നിവ നിയന്ത്രിക്കുന്ന ഭാഗമാണ് സെറിബെല്ലം. മുഴുവൻ തലച്ചോറിന്റെ ഭാരത്തിന്റെ ഏതാണ്ട് പത്തു ശതമാനം സെറിബെല്ലമാണ്. ഏഴു വയസുവരെ മകൾക്ക് നടക്കാൻ ബുദ്ധിമുട്ടായിരുന്നു, ആറു വയസുവരെ വ്യക്തമായി സംസാരിക്കാനും സാധിക്കില്ലായിരുന്നു എന്ന് യുവതിയുടെ മാതാവ് പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയുമാണ് യുവതിയിപ്പോൾ. അവർ ഗർഭിണിയായതും പ്രസവിച്ചതുമൊക്കെ സംഭവശൂന്യമെന്നാണ് ‌ഡോക്‌ടർമാർ പറയുന്നത്. എന്നാൽ ജീവിതത്തിൽ ഇതുവരെ അവർ ഓടുകയോ ചാടുകയോ ചെയ്‌തിട്ടില്ലെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here