തിരുവനന്തപുരം: മലയാളികളുടെ അഭിമാനമാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നാണ് പൊതുവേയുള്ള വയ്പ്. എന്നാല്‍ ഈ വിഖ്യാത സംവിധായകന് ഇപ്പോള്‍ കാലിടറിയോയെന്നു സംശയം. സമീപകാലത്ത് അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയതുമില്ല. ഇതോടെ അടൂരിനെതിരേ വിമര്‍ശനം ശക്തമായി. ദിലീപും കാവ്യാ മാധവനും മുഖ്യവേഷത്തില്‍ അഭിനിയിക്കുന്ന അടൂരിന്റെ പുതിയ ചിത്രമാണ് പിന്നെയും റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കെതിരേ അടൂര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
ഇതിനൊടുവിലാണ് സംവിധായകനായ ഡോ.ബിജുവുമായുള്ള വാക്‌പോര്. അടൂര്‍ ഗോപാലകൃഷ്ണന് ഫ്യൂഡല്‍ മനസ്സാണെന്നാണ് ബിജുവിന്റെ ആരോപണം. മറ്റുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനുമൊന്നും അദ്ദേഹത്തിനാകില്ല. ജീവിതത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലുമാകണമെങ്കില്‍ ഉന്നതകുലജാതനാകണമെന്നാണ് അടൂരിന്റെ വാദം. ഉന്നതകുലത്തില്‍ ജനിക്കാത്തവരെ അംഗീകരിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല- ബിജു പറഞ്ഞു.അടൂരിന്റെ പുതിയ സിനിമ ‘പിന്നെയും’ മോശം സിനിമയാണെന്ന് ചൂണ്ടിക്കാട്ടി ബിജു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അടൂരിന്റെ സിനിമാക്കാലം കഴിഞ്ഞെന്നും ബിജു പറഞ്ഞിരുന്നു. ബിജുവിനു മറുപടി പറഞ്ഞ അടൂര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തതിന്റെ അസൂയയാണ് ബിജുവിനെന്ന് അടൂര്‍ പറഞ്ഞു. സിനിമയെന്തെന്ന് അറിയാത്ത വിവരദോഷിയെന്നും അടൂര്‍ വിമര്‍ശിച്ചു.
ഇതിനുള്ള മറുപടിയുമായാണ് ഡോ. ബിജു രംഗത്തു വന്നത്. അടൂരിന്റെ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ മനസ്സിലിരിപ്പാണ് വ്യക്തമാകുന്നതെന്ന് ബിജു പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ ഒന്നുമായില്ലെന്ന് അദ്ദേഹത്തിനെങ്ങനെ പറയാന്‍ കഴിയും? ആരോഗ്യ മേഖലയില്‍ ഒരു ജില്ലയുടെ അധിപനായി സേവനമനുഷ്ഠിക്കുകയാണ് ഞാന്‍. സിനിമയിലാണെങ്കില്‍ സുരാജ് വെഞ്ഞാറമൂടിനു ലഭിച്ചതടക്കം നാല് ദേശീയ പുരസ്‌കാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. പന്ത്രണ്ടോളം അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഇരുപതു വര്‍ഷങ്ങളായി ഒരു നല്ല പുരസ്‌കാരവും അടൂരിനു ലഭിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിലും സിനിമാജീവിതത്തിലും അടൂരിനെക്കാള്‍ മുന്നിലാണിപ്പോള്‍ ഞാന്‍.
അടൂര്‍, മങ്കട രവിവര്‍മ്മയെ മാത്രം ക്യാമറാമാനാക്കിയയാളാണ്. എം.ജെ. രാധാകൃഷ്ണന്‍ എന്റെ സിനിമകള്‍ക്ക് ക്യാമറ ചെയ്ത് പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. അപ്പോഴാണ് രാധാകൃഷ്ണനെ അടൂര്‍ കൂടെക്കൂട്ടിയത്. രാധാകൃഷ്ണന് രണ്ട് രാജ്യാന്തര പുരസ്‌കാരങ്ങള്‍ കിട്ടിയത് എന്നോടൊപ്പം സിനിമ ചെയ്തപ്പോഴാണ്. ക്യാമാറാമാന്റെ സഹായം കൊണ്ട് ആളാകുന്നു എന്ന പരാമര്‍ശം അടൂരിന് മാത്രം യോജിക്കുന്നതാണ്. സ്വന്തമായി പുരസ്‌കാരം കിട്ടിയാല്‍ അത് വലിയ കാര്യം. മറ്റുള്ളവര്‍ക്ക് കിട്ടിയാല്‍ അവജ്ഞ എന്നതാണ് അടൂരിന്റെ രീതി. മറ്റുള്ളവരുടെ സിനിമകളൊന്നും കാണുന്നയാളല്ല അടൂര്‍. തന്നെക്കാള്‍ നല്ല സിനിമാ സംവിധായകരും പുരസ്‌കാരങ്ങള്‍ നേടുന്നവരുമുണ്ടാകുന്നത് അദ്ദേഹത്തിന് സഹിക്കാനാകില്ല. എല്ലാം തനിക്കു തന്നെ കിട്ടണമെന്ന ദുഷ്ടബുദ്ധിയാണദ്ദേഹത്തിന്‌ഡോ. ബിജു പറഞ്ഞു.
അതേസമയം ‘വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും പ്രേക്ഷകരാണ്, സിനിമയെ വിലയിരുത്തേണ്ടതെന്നുമായിരുന്നു ബിജുവിന്റെ വിമര്‍ശനത്തോട് അടൂര്‍ പ്രതികരിച്ചത്. ഹോമിയോ ഡോക്ടറുടെ ജല്‍പ്പനങ്ങള്‍ അവഗണിക്കുന്നു. സിനിമയെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് ഒട്ടും യോഗ്യതയില്ല. നല്ല ഒരു ക്യാമറാമാനുണ്ടെങ്കില്‍ ബിജുവിനെ പോലുള്ളവര്‍ക്ക് സംവിധായകനാകാം. അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ഇത്തരക്കാര്‍ പ്രമാണിമാരാകാന്‍ തട്ടകമായി സിനിമാമേഖല തിരഞ്ഞെടുക്കുമ്പോള്‍ അപകടത്തിലാകുന്നത് മലയാളസിനിമയാണ്. മറ്റൊരിടത്തും ആളാകാന്‍ കഴിയാതെ വരുമ്പോഴാണ് സിനിമയിലേക്ക് വരുന്നത്. സിനിമയെന്തെന്ന് അറിയാത്ത വിവരദോഷികള്‍ ആളാകാനും വാര്‍ത്തകളില്‍ ഇടം പിടിക്കാനുമായി എന്തിനെയും വിമര്‍ശിക്കും. ഒന്നും പറ്റിയില്ലെങ്കില്‍ തൂറിനാറ്റിക്കുക എന്നതാണ് ഇവരുടെ സമീപനം. എത്രനാളായാലും സിനിമാ രംഗത്തു പ്രവര്‍ത്തിച്ചാലും നല്ല സിനിമയെന്തെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കാകില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here