വാഷിംഗ്ടണ്‍: ആഗോളപ്രശസ്തമായ കമ്പനികളില്‍ യോഗ്യതയ്ക്കനുസരിച്ച് ട്രെയിനിംഗിന് അവസരം കിട്ടുകയെന്നത് ഏതൊരു ഉദ്യോഗാര്‍ഥിയുടെയും സ്വപ്നമാണ്. ശമ്പളമില്ലാതെയോ ചെറിയൊരു സ്‌റ്റൈപന്റ് പ്രതിഫലം വാങ്ങിയോ ആകും ഇവര്‍ സ്വപ്ന തൊഴിലിന്റെ ട്രെയിനിങ് പൂര്‍ത്തിയാക്കുക. എന്നാല്‍ ലോകത്തിലെ തന്നെ ഒന്നാംകിട കമ്പനികളില്‍ ഒന്നായ ഫെയ്‌സ്ബുക്ക് ട്രെയിനികള്‍ക്ക് നല്‍കുന്ന ശമ്പളം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ശരാശരി അമേരിക്കന്‍ ശമ്പളത്തിന്റെ ഇരട്ടിയാണ് തങ്ങളുടെ ട്രെയിനികള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത്.

3,800 ഡോളറാണ് (ഏകദേശം 2.55 ലക്ഷം രൂപ) അമേരിക്കയിലെ ദേശീയ ശരാശരി ശമ്പളം. എന്നാല്‍ ഈ സ്ഥാനത്ത് ഫെയ്‌സ്ബുക്ക് നല്‍കുന്നത് മാസം 7500 ഡോളറാണ് (ഏകദേശം 5 ലക്ഷം രൂപ). എന്നാല്‍ ബ്ലൂം ബര്‍ഗ് അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ ഒരു തൊഴിലാളിക്ക് ശരാശരി 8000 ഡോളര്‍ മാസ ശമ്പളം നല്‍കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അതായത് 96000 ഡോളര്‍ വാര്‍ഷിക വരുമാനം. അമേരിക്കന്‍ ശരാശരിയനുസരിച്ച് 46481 ഡോളറാണ് വാര്‍ഷിക ശരാശരി ശമ്പളം.

വന്‍ തുകയായി നല്‍കുന്ന ഈ ശമ്പളം മാത്രമല്ല തങ്ങളുടെ ട്രെയിനിയായ തൊഴിലാളികള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്. വാടക കൊടുക്കാതെ താമസിക്കാന്‍ കഴിയുന്ന അപാര്‍ട്ട്‌മെന്റ്, മുഴുവന്‍ ചിലവും കമ്പനി തന്നെ വഹിക്കുന്ന ടൂറുകള്‍, ഫെയ്‌സ്ബുക്ക് ക്യാമ്പസിനുള്ളില്‍ സൗജന്യമായി മൂന്നു നേരത്തെ ഭക്ഷണം, തിയറ്റര്‍ പ്രകടനങ്ങള്‍ അങ്ങനെ വിനോദത്തിനുള്ള നിരവധി മാര്‍ഗങ്ങളും ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്.

ഉയര്‍ന്ന സൗകര്യങ്ങളും ശമ്പളവും തരിക മാത്രമല്ല, പ്രോജക്ടുകളില്‍ തങ്ങളെ കൂടുതല്‍ ഗൗരവമായി ഇടപെടാന്‍ ഫെയ്‌സ്ബുക്ക് അധികാരികള്‍ അനുവദിക്കുകയും ചെയ്യുന്നുവെന്നും ഈ തൊഴിലാളികള്‍ പറയുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും ഫെയ്‌സ്ബുക്കില്‍ ലഭിക്കേണ്ട പ്രാധാന്യം ലഭിക്കുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

സമ്മര്‍ വെക്കേഷന്റെ മൂന്ന് മാസത്തിനിടെ ഇന്റേണ്‍ഷിപ്പിനെത്തുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളം നല്‍കുന്നത് പിന്റെസ്റ്റ് ആണ്. 9000 ഡോളറാണ് അവര്‍ ശരാശരി നല്‍കുന്നത്. തൊട്ടുതാഴെയാണ് ഫെയ്‌സ്ബുക്കിന്റെ സ്ഥാനം. ഗൂഗിളും ട്വിറ്ററുമെല്ലാം 6000 ഡോളറിനും 7000 ഡോളറിനുമിടയിലാണ് ട്രെയിനികള്‍ക്ക് നല്‍കുന്നത്. മൈക്രോ സോഫ്റ്റും യൂബറുമെല്ലാം ഈ ലിസ്റ്റില്‍ ഗൂഗിളിന് മുന്നിലാണെന്ന് സര്‍വ്വേ തെളിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here