തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞാല്‍ എന്‍ജിനീയറിംഗ്. കഴിഞ്ഞ ഒന്നര ദശകമായി കേരളത്തില്‍ കണ്ടുവന്നിരുന്ന ഈ പ്രവണത അവസാനിക്കുന്നു. ഈ വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശനം പൂര്‍ത്തിയായപ്പോള്‍, സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള 150 എന്‍ജിനിയറിങ് കോളജുകളിലായി ഒഴിഞ്ഞു കിടക്കുന്നത് ഇരുപതിനായിരത്തോളം ബിടെക്ക് സീറ്റുകള്‍. ഇതില്‍ 13,000ഉം മെറിറ്റ് സീറ്റുകളാണ്. 55,404 സീറ്റുകളുള്ളതില്‍ 35,570 സീറ്റുകളില്‍ മാത്രമേ പ്രവേശനം നടന്നുള്ളു. 35 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

വിവിധ എന്‍ജിനിയറിങ് കോളജുകളിലായി 65 ശതമാനം വിദ്യാര്‍ഥികളേ ഇത്തവണ ബിടെക്കിനു പഠിക്കാനുള്ളൂ. കഴിഞ്ഞ വര്‍ഷം 68 ശതമാനം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം പുതിയതായി തുടങ്ങിയ ഒരു കോളജ് ഉള്‍പ്പെടെ, സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴില്‍ 153 എന്‍ജിനിയറിങ് കോളജുകളാണ് ഉള്ളത്. ഇതില്‍ മൂന്നു കോളജിന് ഇത്തവണ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയില്ല.

വിവിധ കോളജുകളിലെ 92 ബാച്ചുകള്‍ക്കും സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന്‍ നിഷേധിച്ചു. ഇതില്‍ ചിലതിന് എഐസിടിഇയും അംഗീകാരം നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 152 കോളജുകളിലായി 58,165 ബിടെക്ക് സീറ്റ് ഉണ്ടായിരുന്നു. ഇതില്‍ 39,595 സീറ്റിലാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്നത്. ഇത്തവണ 55,404 ബിടെക്ക് സീറ്റുകളില്‍ 35,570 സീറ്റില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ചേര്‍ന്നത്. 19,644 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഈ വര്‍ഷത്തെ ബിടെക്ക് പ്രവേശന നടപടികള്‍ കഴിഞ്ഞ 15നാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here