മലയാള അവകാശജാഥയല്ല,മാതൃഭാഷാ അവകാ‍ശജാഥ കേരളത്തിൽ പകുതിദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.ഈ രണ്ടു വാക്കുകളുടേയും സംസ്കാരികമായ ഉള്ളടക്കത്തിലെ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞാലെ മാതൃഭാഷാ അവകാശം എന്നത് മൗലികവാദവും ഇംഗ്ളീഷ് വിരോധവും ആയി വിപരീതപ്പെടുന്ന പൊതുമനോനിലയെ തിരുത്താൻ കഴിയൂ.
ഉള്ളത് എന്നതിനേക്കാൾ ഉണ്ടാക്കപ്പെടുന്ന ഈ മനോനില വളരെ സൗകര്യപ്രദമായ ഒരു അവസ്ഥയാണ്.

ബോധനമാധ്യമം എന്ന അടിസ്ഥാനവേർതിരിവിൽ വേരൂന്നിവളർന്ന നാലഞ്ചുതട്ടുകളായി ഭിന്നിച്ചുനിൽക്കുന്ന വിദ്യാഭ്യാസമേഖലയെ ഒറ്റപ്പന്തിയാക്കുക എന്ന പ്രക്രിയയിൽ നിന്ന് അത് ആർക്കും ചേതമില്ലാത്ത ഒഴികഴിവു നൽകുന്നു.കേരളത്തെപ്പോലെ പ്രാഥമിക സാമൂഹിക നീതികളുടെ സാന്നിധ്യമുള്ള ഒരു സ്ഥലത്ത് നടപ്പിലാക്കേണ്ട അടുത്ത വിദ്യാഭ്യാസവിപ്ളവത്തിൽ നിന്നുള്ള രക്ഷ.1

പൊതുവിദ്യാഭ്യാസത്തിന്റെ ഈ പുറമ്പോക്കുപൗരന്മാർ തന്നെയാണ് കോടതിയും സർക്കാരാപ്പീസും അടക്കമുള്ള തുടർജീവിത ഇടപാടുകളിൽ നിസ്സഹായരായി നിൽക്കേണ്ടിവരുന്നത്. വർഗപരവും ജാതിപരവുമായ നമ്മുടെ പുരോഗമനങ്ങളെ അടിയിൽ നിന്നു മുരടിപ്പിക്കുന്ന പരോക്ഷമായ ചാതുർവർണ്യം തന്നെയാണ് ഇതിലൂടെ തുടരുന്നത്.2

ഇംഗ്ളീഷ് അറിയാവുന്നവന്റെ അധീശത്വം, അതറിയാത്തവന്റെ അപകർഷം എന്നിവകളെ അതേ കള്ളികൾക്കുള്ളിൽ തളച്ചിടുകയല്ല മാതൃഭാഷാബോധനവിനിമയങ്ങളുടെ ലക്ഷ്യം. ലളിതാക്ഷരങ്ങളും തുറസ്സും വഴക്കവുമുള്ള ആംഗലേയ ഭാഷയെ ഒരു വിനിമയഭാഷയെന്ന നിലയിൽ പണ്ടത്തെ ഫോർത്തുഫോറം കഴിയുമ്പോഴേയ്ക്കും കയ്യിലൊതുക്കിയവർ തന്നെയാണ് മലയാളികൾ.അത് അന്ന് എണ്ണത്തിൽ കുറഞ്ഞ അയ്യങ്കാളിയുടെ പത്തു പേരായാലും സവർണ ഭൂരിപക്ഷമായാലും.എല്ലാ മലയാളികൾക്കും ഇംഗ്ളീഷറിഞ്ഞാലും കേരളമെന്ന മലയാളഭാഷാസംസ്ഥാനത്തിൽ വ്യവഹാരപ്പെടേണ്ടത് മാതൃഭാഷയാണ്.ആദിവാസികൾ, ഭാഷാ അതിർത്തിപ്രദേശങ്ങൾ, മറ്റു സംസ്ഥാന തൊഴിലാളികൾ ഇവയുൾപ്പെടുന്ന ഇതരഭാഷാന്യൂനപക്ഷങ്ങളിൽ പ്രത്യേക പരിഗണനയും.4

പഴയ ക്വഥനാങ്ക–തിളനില—-ബോയിലിംഗ് പോയിന്റ് കക്ഷികളിൽ ഏതാവും മലയാളം എന്ന സ്മാർത്തവിചാരമല്ല ഇനി നടക്കേണ്ടത്. മലയാളത്തിന്റെ വാക്യഘടനയ്ക്കകത്ത് ഈ മൂന്നിൽ ഏതു വന്നാലും ഒരു മാതൃഭാഷാവ്യവഹാരരൂപം എന്ന നിലയിൽ അത് ഏറിയോ കുറഞ്ഞോ അതിന്റെ വാചകധർമം നിർവഹിക്കും.സാന്ദർഭിക ഔചിത്യം മാത്രമെ അവിടെ പരിഗണിക്കേണ്ടതുള്ളു., അതായത് പദകോശമെന്ന മാസളത വിട്ട് നട്ടെല്ലായ വ്യാകരണമാണ് കേന്ദ്രമാകേണ്ടത്.ഇനിയുള്ള വിവർത്തനശ്രമങ്ങളിൽ മലയാളത്തിന്റെ ധാതുപദങ്ങൾക്ക് ഉചിതമായ ചേർച്ചയും തിരഞ്ഞെടുപ്പും നൽകുകയും.

ഇംഗ്ലീഷ് ഒരു ഭാഷാവിഷയം എന്ന നിലയിൽ തികഞ്ഞ ഗൗരവത്തോടെ തന്നെ, എഴുത്തിലും സംസാരത്തിലുമുള്ള വിനിമയ വിവർത്തന ശേഷികൾ ആർജിക്കുക എന്ന ലക്ഷ്യം വെച്ചു തന്നെ അധ്യയന അധ്യാപനങ്ങൾ നടക്കണം.എന്നാൽ പ0നമാധ്യമം മറ്റെല്ലാ വിഷയങ്ങളുടേതും ഹയർസെക്കണ്ടറി തലം വരെയെങ്കിലും മലയാളത്തിലും.

വിജ്ഞാനം ഉൽപ്പാദിപ്പിക്കുന്ന സംസ്കാരത്തിനേ അതിന്റെ ഭാഷയെ നില നിർത്താൻ കഴിയൂ/ അവകാശമുള്ളൂ എന്ന വാദവും കേൾക്കാറുണ്ട്.സ്വന്തം ഭാഷയിലൂടെ അറിഞ്ഞ് ചിന്തിച്ച് വളരുന്നവർക്ക് ലോകത്തെവിടേയും വിജ്ഞാനവികാസം സ്വാഭാവികമായി സാധിക്കുമെന്നതിനല്ലേ കൂടുതൽ തെളിവുള്ളത്…?

ഒരു ഭാഷയെന്ന നിലയിൽ ഇംഗ്ളീഷിനുള്ള സ്ഥാനത്തിന്റെ വിതരണം സ്കൂളുകളടക്കമുള്ള വ്യവഹാരങ്ങളിൽ തുല്യമാക്കുന്നതോടെ ഇപ്പോൾ അതിനുള്ള സാംസ്കാരികമായ “വേറിടൽ മൂല്യം“ ഇല്ലാതാകും.ഏതു സ്കൂളിൽ ചേർത്താലും പ0നം മലയാളത്തിൽ മാത്രമേ നടക്കു,എന്നു വന്നാൽ ഇപ്പോഴുള്ള സി ബി എസ് ഇ സ്കൂളുകളിൽ മുക്കാലും ആളില്ലാതെ പൂട്ടിപ്പോകാനാണ് സാധ്യത..!bilu padmini narayaan

LEAVE A REPLY

Please enter your comment!
Please enter your name here