കര്‍ഷകരായ ഒറ്റക്കര തേവരും ഭാര്യ പളനിയമ്മയും വിരുതുനഗറില്‍ നിന്നെത്തി പെരിയാകുളത്ത് കൃഷിഭൂമി വാങ്ങി സ്ഥിരതാമസമാക്കി. അവരുടെ എട്ട് മക്കളില്‍ മൂത്തയാളാണ് പേച്ചിമുത്തു. തേവരുടെ മൂത്ത സഹോദരന്റെ പേരും പേച്ചിമുത്തു. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തെ വിളിക്കുന്ന പേര് ഒരു ബാലനെ വിളിക്കാന്‍ ആരും തയ്യാറായില്ല. പേരില്ലാതിരുന്ന പേച്ചിമുത്തു പിന്നീട് ഒ പനീര്‍ശെല്‍വമെന്ന് വിളിക്കപ്പെട്ടു.
1951 ല്‍ ജനിച്ച പനീര്‍ശെല്‍വത്തിന്റെ ആദ്യ അമ്പത് വര്‍ഷം തമിഴ് രാഷ്ട്രീയത്തില്‍ രേഖപ്പെടുത്താന്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിലെ വലിയ ആഗ്രഹം പെരിയാകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആകുകയെന്നായിരുന്നു. 2001 ല്‍ ആദ്യവട്ടം എംഎല്‍എയായ പനീര്‍ശെല്‍വം ജയലളിത മന്ത്രിസഭയില്‍ അംഗമായി. സുപ്രീം കോടതി വിധി ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ പകരക്കാരനായെത്തിയത് പനീര്‍ശെല്‍വമാണ്. 2014ലും ജയയ്ക്ക് പകരം മുഖ്യമന്ത്രി. അപ്പോഴൊക്കെ പനീര്‍ശെല്‍വം ജയലളിതയുടെ ‘പാവമുഖ്യമന്ത്രി’യെന്ന് വിമര്‍ശനമുണ്ടായി. ഇപ്പോള്‍ ജയലളിതയില്ലാത്ത രാഷ്ട്രീയത്തില്‍ പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രിയായി. തേവര്‍ സമുദായത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ ഉന്നതരാഷ്ട്രീയ പദവിയിലെത്തുന്ന ആദ്യആളാണ് പനീര്‍ശെല്‍വം.

paneerselvam-with-family 15253454_360014857699544_3474838986619100666_n

ഏറെ കൃഷിഭൂമിയുണ്ടായിരുന്ന ഒറ്റക്കര തേവര്‍ എഴുപതുകളുടെ തുടക്കത്തില്‍ സമ്പത്തിന്റെ മേല്‍നോട്ടം പനീര്‍ശെല്‍വത്തെ ഏല്‍പ്പിച്ചു. ബിഎ പഠനം പാതിവഴിയില്‍ നിര്‍ത്തി കുടുംബ ബിസിനസ്സില്‍ ശ്രദ്ധയുന്നി. കൃഷിഭൂമി പിന്നെയും പനീര്‍ശെല്‍വവും സഹോദര•ാരും വാങ്ങിക്കൂട്ടി. തായ് മൂകാംബിക പാല്‍ പന്നൈ എന്ന പേരില്‍ ഡയറിഫാമിനും അവര്‍ തുടക്കമിട്ടു. ആവശ്യത്തിലേറെ പാല്‍ കിട്ടിയപ്പോള്‍ കൂട്ടുകാരന്‍ വിജയനുമായി ചേര്‍ന്ന് ചായക്കട തുടങ്ങി. പേര് പി വി കാന്റീന്‍- (പനീര്‍ശെല്‍വത്തിന്റെയും വിജയന്റേയും പേരിന്റെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത്)പിതാവിന്റെ മരണത്തോടെ പിവി കാന്റീന്‍ സഹോദരന്‍ ഒ രാജയ്ക്ക് നല്‍കി. വിജയന്‍ റോഡിനപ്പുറം റിലാക്‌സ് എന്ന പേരില്‍ കാന്റീന്‍ തുടങ്ങി. 10 വയസ്സില്‍ മരിച്ച മകള്‍ റോസിയുടെ പേര് രാജ പി വി കാന്റീന് നല്‍കി. പെരിയാകുളത്ത് തേനി റോഡില്‍ പനീര്‍ശെല്‍വത്തിന്റെ കുടുംബവീടിനടുത്ത് റോസി കാന്റീന്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. എംജിആറിന്റേയും ജയലളിതയുടേയും ചിത്രങ്ങള്‍ റോസി കാന്റീനില്‍ കാണാം.
എഐഎഡിഎംകെ പാര്‍ട്ടിയുടെ രൂപീകരണസമയത്ത് കടുത്ത എംജിആര്‍ ഭക്തനായ പനീര്‍ശെല്‍വത്തിന് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. ഡയറിഫാമിന്റെ നടത്തിപ്പ് വേരൊരു സഹോദരന്‍ ഒ ബാലമുരുകന് നല്‍കി പനീര്‍ശെല്‍വം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. പഞ്ചായത്തംഗമായി തുടങ്ങി. പെരിയാകുളം മുനിസിപ്പല്‍ അധ്യക്ഷ സ്ഥാനമായിരുന്നു രാഷ്ട്രീയ ജിവിതത്തിലെ വലിയ ആഗ്രഹം. 1996 മുതല്‍ 2001 വരെ മുനിസിപ്പല്‍ ചെയര്‍മാനായി. യഥാര്‍ത്ഥത്തില്‍ പനീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയ വളര്‍ച്ച അവിടുന്നാണ്.

paneer-jaya

എംജിആറിന്റെ മരണത്തിന് ശേഷം 1987 ല്‍ എഐഎഡിഎംകെ പിളര്‍പ്പോള്‍ ജാനകി രാമചന്ദ്രന്‍ പക്ഷത്തായിരുന്നു പനീര്‍ശെല്‍വം. 1989 ല്‍ ജയലളിത ആദ്യ നിയമസഭാ പോരാട്ടത്തിന് തെരെഞ്ഞെടുത്തത് പനീര്‍ശല്‍വം ഉള്‍പ്പെട്ട ബോധിനായ്ക്കന്നൂരായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി ജാനകി രാമചന്ദ്രന്‍ പക്ഷത്തെ വെന്നിര ആടൈ നിര്‍മ്മല എന്ന തമിഴ് സിനിമാതാരം. പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ താമസിച്ചാണ് നിര്‍മ്മലയുടെ തെരെഞ്ഞെടുപ്പ് പ്രചരണമെന്ന് തേനിയിലെ ഡിഎംകെ നേതാവ് പി ടി ചെല്ലപാണ്ഡ്യന്‍ പറയുന്നു. ജയലളിതയുടെ തെരെഞ്ഞെടുപ്പ് പ്രചരണം കടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍ നിര്‍മ്മലയുടെ പ്രചരണവും എത്തിച്ചേരും. ജയലളിതയെ തോല്‍പ്പിക്കാന്‍ പനീര്‍ശെല്‍വം കിണഞ്ഞുശ്രമിച്ചിരുന്നെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

thequint_2015-05_047215e2-eb70-47cf-aa2c-0dd9a8497978_RTXHYZP

എന്നാല്‍ ആ തെരെഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചു. ജാനകി രാമചന്ദ്രന്‍ വിഭാഗം ജയലളിതയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ പനീര്‍ശെല്‍വവും ഒപ്പം കൂടി. 1996 ലെ തെരെഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ ഡിഎംകെയിലേക്ക് നിരവധി നേതാക്കള്‍ കൂടുമാറി. എന്നാല്‍ ഇത്തവണ ജയയ്‌ക്കൊപ്പം പനീര്‍ശെല്‍വം ഉറച്ചു നിന്നു. 1999ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പെരിയാകുളം മണ്ഡലത്തില്‍ ജയലളിതയുടെ തോഴി ശശികലയുടെ മരുമകന്‍ ദിനകരന്‍ വിജയിച്ചതോടെ പനീര്‍ശെല്‍വം ശശികലയുടെ വിശ്വസ്തനായി.

ശശികലയുമായുള്ള അടുപ്പം പിന്നീട് പനീര്‍ശെല്‍വത്തെ ജയലളിതയുടെ വിശ്വസ്തനാക്കി. മുമ്പ് ജയലളിതയ്‌ക്കെതിരെ പ്രചരണം നടത്തിയ ബോധിനായ്ക്കന്നൂരില്‍ നിന്ന് മൂന്ന് തവണ പനീര്‍ശെല്‍വം നിയമസഭയിലെത്തി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിതയ്ക്ക് മാറിനില്‍ക്കേണ്ടി വന്നപ്പോഴൊക്കെ പകരം സ്ഥാനമേറ്റു. ജയലളിത തിരിച്ചു വന്നപ്പോള്‍ ഒരു വാക്കുപോലും മിണ്ടാതെ മുഖ്യമന്ത്രി കസേര തിരിച്ചു നല്‍കി.
തന്റെ അടുത്ത ബന്ധുക്കള്‍ അഴിമതിയിലൂടെ സ്വത്ത് സമ്പാദനം നടത്തിയെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ മുഴുവന്‍ സ്വത്തും തിരിച്ചുനല്‍കാമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ നിലപാട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും ജയലളിതയുടെ അപ്രീതിയ്ക്ക് പാത്രമായ മന്ത്രിമാരേയും അപേക്ഷിച്ച് പനീര്‍ശെല്‍വത്തിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ കുറവാണ്. 2014 ല്‍ ജയലളിത ജയിലിലായപ്പോള്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ബിനാമി മുഖ്യമന്ത്രിയെന്നാണ് പനീര്‍ശെല്‍വത്തെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പിന് മുമ്പ് ജയലളിതയുടെ അടുപ്പക്കാരുടെ പട്ടികയില്‍ നിന്ന് പനീര്‍ശെല്‍വം പുറത്തായെങ്കിലും മറ്റ് മുതിര്‍ന്ന നേതാക്കള്‍ നേരിട്ട നടപടികള്‍ അദ്ദേഹത്തനുണ്ടായില്ല. വിധേയത്വവും ക്ഷമയും പനീര്‍ശെല്‍വത്തെ ശശികലയ്ക്ക് ശേഷം പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനാക്കി നിലനിര്‍ത്തി. പരസ്യമായി ജയലളിതയുടെ കാലില്‍ വീണ് നമസ്‌ക്കരിക്കുന്ന പനീര്‍ശെല്‍വം…ജയയ്ക്ക് പകരം മുഖ്യമന്ത്രിയായപ്പോള്‍ കസേരയില്‍ ‘അമ്മ’യുടെ ഫോട്ടോ വെച്ച് മാറിയിരുന്ന പനീര്‍ശെല്‍വം…ജയലളിതയിനിയില്ല, ഇനിയാരോടാകും പനീര്‍ശെല്‍വത്തിന് വിധേയത്വം ?

പകരക്കാരന്റെ റോളിലായിരുന്നു പനീര്‍ശെല്‍വം. ജയലളിതയില്ലാത്ത എഐഎഡിഎംകെയില്‍ നിന്ന് ആദ്യമുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ചുമതലയേറ്റു കഴിഞ്ഞു. മുഖ്യമന്ത്രിയായെങ്കിലും പാര്‍ട്ടിയില്‍ ആദ്യസ്ഥാനമല്ല പനീര്‍ശെല്‍വത്തിന്. ജയലളിത ആശുപത്രിയിലായപ്പോള്‍ തോഴി ശശികലയും ഉപദേഷ്ടാവായ ഷീലാ ബാലകൃഷണനുമാണ് ഭരണം നിയന്ത്രിച്ചതെന്നത് പരസ്യമായ കാര്യമാണ്. തമിഴ്‌നാട് രാഷ്ട്രീയവും എഐഎഡിഎംകെയും വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ തത്ക്കാലത്തേക്ക് മാത്രമുള്ള പേരാണിപ്പോള്‍ പനീര്‍ശെല്‍വം.
പാര്‍ട്ടിയില്‍ ഇനി മൂപ്പിളത്തര്‍ക്കം തുടങ്ങുന്നതേയുള്ളൂ. അതിനിടയില്‍ പനീര്‍ശെല്‍വം ഏത് പക്ഷത്തായിരിക്കുമെന്നതേ അറിയാനുള്ളൂ. ശശികലയുടെ ‘മന്നാര്‍ഗുഡി മാഫിയ’ അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് അടക്കംപറച്ചിലുകള്‍- ദ്രാവിഡരുടെ മക്കളുടെ മുഖ്യനായി ബ്രാഹ്മണ വനിതയ്ക്കു ശേഷം ഒരു ദ്രാവിഡന്‍ തന്നെ സ്ഥാനമേല്‍ക്കുമ്പോള്‍, അതിന് സുഗന്ധമേറെ. എംജിആറെന്ന മലയാളിക്കും ജയലളിതയെന്ന മൈസൂര്‍ക്കാരിക്കും ശേഷം തമിഴ്‌നാട്ടില്‍ നിന്ന് ആ നാടിന് എഐഡിഎംകെയുടെ മുഖ്യമന്ത്രി!

LEAVE A REPLY

Please enter your comment!
Please enter your name here