കണക്കില്‍പ്പെടാത്ത 33 ലക്ഷം രൂപയുമായി പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് പിടിയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാണിഗുഞ്ച് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനീഷ് ശര്‍മയാണ് പിടിയിലായത്. മനീഷ് ശര്‍മയെ കൂടാതെ ആറു പേരും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

മണിക് തലയിലേയ്ക്കുള്ള യാത്രാ മധ്യേയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 33 ലക്ഷം രൂപയും ഏഴു കൈത്തോക്കുകളും അമോണിയവും പിടിച്ചെടുത്തിട്ടുണ്ട്. 31 ലക്ഷം രൂപയുടേത് പുതിയ 2000 രൂപ നോട്ടുകളാണ്. ബാക്കിയെല്ലാം 100, 50 രൂപ നോട്ടുകളാണ്. പിടിയിലായ മറ്റ് ആറു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കമ്മീഷണര്‍ വിശാല്‍ ഗര്‍ഗ് പറഞ്ഞു.

പിടിയിലായ എല്ലാവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ക്രമിനല്‍ ഗൂഢാലോചന, ആയുധ ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ പിടിയിലായ മനീഷ് ശർമയെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചു. നിലവില്‍ ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here