ഫിലാഡല്‍ഫിയ: ക്രൈസ്തവ മാനവികതയുടെ ഈറ്റില്ലമായ ഫിലാഡല്‍ഫിയായില്‍ 21 അംഗ സഹോദര്യ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മുതല്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (10175 ബസല്ടണ്‍ അവന്യു) ക്രിസ്തു ദേവന്‍റെ തിരുവതാരത്തിന്‍റെ ആഘോഷമായ ക്രിസ്തുമസ് കൊണ്ടാടുന്നു.
ശാന്തിയുടേയും സമാധാനത്തിന്‍റേയും ദൂതുമായി ബേത്ലഹേമില്‍ ഭൂജാതനായ യേശുവിന്‍റെ ജനനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ ക്രിസ്തുമസ് സന്ദേശം നല്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിന്‍റെ പരമാധ്യക്ഷന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് തിരുമേനി ആണ്.

മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെയും വൈദികരെയും ഭക്തി നിര്‍ഭരമായി വര്‍ണ്ണാഭയമായ ഘോഷയാത്രയോടെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് എക്യുമെനിക്കല്‍ റിലീജിയസ് ചെയര്‍മാന്‍ റവ. ഫാ. ഗീവറുഗീസ് ജോണും, റവ. ഫാ. എം.കെ. കുര്യാക്കോസും പ്രാരംഭ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്കും. ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. വേണാട് ക്രിസ്തുമസ് ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതും ആണ്.

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം 21 അംഗ സഹോദരി സഭകളില്‍ നിന്നും ഉള്ള കലാകാരികളും, കലാകാരന്മാരും പങ്കെടുക്കുന്ന വിവിധ സ്കിറ്റുകള്‍, ഡാന്‍സുകള്‍ മുതലായവ 3.30ന് തന്നെ ആരംഭിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ബിനു ജോസഫ് പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.

പൊതുസമ്മേളനം വൈകുന്നേരം 5.30ന് തുടങ്ങി 6.30ന് അവസാനിക്കുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയതായി എക്യുമെനിക്കല്‍ സെക്രട്ടറി ശ്രീ. മാത്യു ശാമുവേല്‍ അറിയിച്ചു. ഈ സമ്മേളനത്തില്‍ അഭിവന്ദ്യ തിരുമേനിയെ കൂടാതെ അമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണെന്ന് ട്രഷറാര്‍ ബിജി ജോസഫ് അറിയിച്ചു.
കൂട്ടയോട്ട ധനസമാഹരണത്തില്‍ കൂടി ലഭിച്ച തുകയില്‍ 25000 ഡോളര്‍ അന്നേദിവസം പൊതുസമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്ക് നല്കുന്നതാണെന്ന് ചാരിറ്റി കോഡിനേറ്റര്‍ ശ്രീ. ബെന്നി കൊട്ടാരത്തില്‍ അറിയിച്ചു.

50 അംഗ ക്രിസ്തുമസ് ക്വയര്‍ മികച്ച രീതിയിലുള്ള ഗാനങ്ങളുമായി ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുമെന്ന് ക്വയര്‍ കോഡിനേറ്റര്‍ ശ്രീ. തോമസ് എബ്രഹാം അറിയിച്ചു.

ചെണ്ടമേളം എക്യുമെനിക്കല്‍ ക്വയര്‍, സ്കിറ്റ് പ്രൊഫ,ണല്‍ ഡാന്‍സ് ട്രൂപ്പുകളായ നുപുര ഡാന്‍സ് അക്കാഡമി, മാതാ ഡാന്‍സ് അക്കാഡമി എന്നീ ഡാന്‍സ് സ്ക്കൂളുകളുടെ നൃത്തനൃത്താവിഷ്ക്കാരങ്ങള്‍ അനുഗ്രഹ മ്യൂസിക് സ്ക്കൂളിന്‍റെ മ്യൂസിക് എന്നിവ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്.

പി.ആര്‍.ഓ. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

PA ECU PIC

 

LEAVE A REPLY

Please enter your comment!
Please enter your name here