ir.jpg.image.784.410

വിയന്ന ∙ ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ആറു വൻശക്തി രാഷ്ട്രങ്ങളുമായി രണ്ടാഴ്ചയിലേറെയായി തുടരുന്ന മാരത്തൺ ചർച്ചയിൽ ധാരണ. ദശാബ്ദം നീണ്ട ചർച്ചകളാണ് ഒടുവിൽ അന്തിമ കരാറിലേക്ക് വഴിമാറുന്നത്. കരാറിലെ വ്യവസ്ഥകൾ ഇറാനിലെയും ആറു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്തമായി വിയന്നയിലെ യുണൈറ്റഡ് നേഷൻസ് സെന്ററിൽ നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തിലത്‍ വെളിപ്പെടുത്തും.

ഇറാന്റെ ആണവപദ്ധതികൾക്കു നിയന്ത്രണം ഏർപ്പെടുത്തുക എന്ന യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ ലക്ഷ്യം വിജയിച്ചതോടെ ഇറാനെതിരെ വർഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാൻ വിദേശകാര്യമന്ത്രി മൊഹമ്മദ് ജാവദ് സരീഫുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നു കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തിയിരുന്നു. ഒത്തുതീർപ്പു ധാരണയിലേക്ക് ഉടൻ എത്തിച്ചേരുമെന്ന് റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുടിനും പ്രതികരിക്കുകയും ചെയ്തു. ഇറാനിലെ ആണവ പദ്ധതി കേന്ദ്രങ്ങളിലേക്ക് യുഎൻ നിരീക്ഷകരെ നിയോഗിക്കാൻ അനുവദിക്കാമെന്ന് ഏപ്രിൽ രണ്ടിന് നടത്തിയ പ്രാഥമിക ചർച്ചകളിൽ ധാരണയായിരുന്നു.

ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കാൻ തുടങ്ങിയതോടെയാണ് യുഎൻ ഉപരോധം ഏർപ്പെടുത്തിയത്. മുഖ്യവരുമാന മാർഗമായ എണ്ണയുടെ വിൽപന തടസ്സപ്പെട്ടതോടെ ഇറാന്റെ സമ്പദ്‍വ്യവസ്ഥ താളംതെറ്റി. ആണവ പദ്ധതികളുടെ മറവിൽ ഇറാൻ അണ്വായുധം രഹസ്യമായി നിർമിക്കുന്നുവെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ പ്രധാന ആരോപണം. എന്നാൽ സമാധാനാവശ്യങ്ങൾക്ക് ആണവസാങ്കേതികവിദ്യ വികസിപ്പിക്കാൻ തങ്ങൾക്കവകാശമുണ്ടെന്നായിരുന്നു ഇറാന്റെ നിലപാട്. 12 വർഷമായി തുടരുന്ന ആണവ പ്രശ്നം പരിഹരിക്കാൻ 2013ൽ ഇറാനിൽ ഹസൻ റൗഹാനി പ്രസിഡന്റായി അധികാരമേറ്റതിനുശേഷം വിവിധതല ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. ഉപരോധം അവസാനിപ്പിച്ചാൽ ആണവപദ്ധതികളിൽ നിയന്ത്രണമാകാമെന്നാണ് ഇറാൻ വാഗ്ദാനം നൽകിയത്. .

ഉപരോധം അവസാനിപ്പിക്കുന്നതോടൊപ്പം ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ അനുവദിക്കണമെന്ന ഇറാന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെന്നാണ് സൂചന. എന്നാൽ ഭീകരവാദത്തെ നേരിടുന്നതിന് ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ ഇറാനെ അനുവദിക്കണമെന്ന കാര്യത്തിൽ യുഎസ് ഉൾപ്പെടെയുള്ള വൻശക്തി രാഷ്ട്രങ്ങൾ എതിരഭിപ്രായം രേഖപ്പെടുത്തിയില്ല. ആണവ കരാറിൽ നിന്ന് പിൻമാറിയാൽ 65 ദിവസത്തിനകം ഉപരോധം ശക്തമാക്കുന്നതുൾപ്പെടെയുളള വ്യവസ്ഥകൾ പുതിയ ധാരണയിലുണ്ടെന്നാണ് വിവരം. അതേസമയം, ഇറാനു മുന്നിൽ പാശ്ചാത്യരാജ്യങ്ങൾ അടിയറവു പറയുകയാണുണ്ടായതെന്ന് ഇറാന്റെ ചിരവൈരികളായ ഇസ്രയേലിലെ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here