Samiul-Alam-Rajon1.jpg.image.784.410

 

ധാക്ക∙ ബംഗ്ലദേശിൽ പതിമൂന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി. ബംഗ്ലദേശിലെ മുഴുവൻ തെരുവുകളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തലസ്ഥാനമായ ധാക്കയിലും നൂറുകണക്കിനു പേർ പ്രതിഷേധവുമായി ഒത്തുചേർന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മുഖ്യപ്രതിയെ സൗദി അറേബ്യയിൽ നിന്നുമാണ് പിടികൂടിയത്.

സൈക്കിൾ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പതിമൂന്നു വയസ്സുകാരനായ സമിയുൽ ആലാം രാജോണിനെ ഒരുകൂട്ടം പേർ ചേർന്ന് ഈ മാസം എട്ടിനാണ് ക്രൂരമായി മർ‌ദ്ദിച്ച് കൊലപ്പെടുത്തിയത്. സമിയുലിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ 28 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇന്റർനെറ്റ് വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. സമിയുലിനെ മർദ്ദിച്ചവരിൽ ഒരാളാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്.

സിൽഹെറ്റ് നഗരത്തിലെ കുമർഗോൺ ബസ് സ്റ്റേഷനു സമീപത്തുള്ള കടയ്ക്കു മുന്നിലെ തൂണിൽ സമിയുലിനെ കെട്ടിയിട്ടതിനു ശേഷമായിരുന്നു മർദ്ദനം. വടി ഉപയോഗിച്ച് തുടരെ തുടരെ മർദ്ദിക്കുന്നതും രണ്ടു കാലുകളിലും തലയിലും വയറിലും വടി കൊണ്ട് തല്ലുന്നതും വിഡിയോയിൽ കാണാം. തന്നെ പൊലീസ് ഏൽപിക്കാൻ ആവശ്യപ്പെടുമ്പോൾ ഞാൻ തന്നെയാണ് പൊലീസ് എന്നു ഒരാൾ പറയുന്നതും വ്യക്തമായി വിഡിയോയിൽ കേൾക്കാം.

തല്ല്കൊണ്ട് തളർന്നവശനായ കുട്ടി വെള്ളം ചോദിക്കുമ്പോൾ തന്റെ വിയർപ്പ് കുടിച്ചോളാനാണ് ഒരാൾ പറയുന്നത്. കുട്ടിയുടെ എല്ലുകൾക്ക് കുഴപ്പമില്ലെന്നും കുറച്ചു കൂടി അടിച്ചോളാൻ ഒരാൾ പറയുന്നു. എന്നെ ഇങ്ങനെ തല്ലരുതെന്നും താൻ ചത്തുപോകുമെന്നും സമിയുൽ ദയയോടെ അപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. രണ്ടുപേരെ വിഡിയോയിൽ വ്യക്തമായി കാണാം. മൂന്നു നാലു പേരുടെ ശബ്ദവും വിഡിയോയിൽ കേൾക്കാം.മർദ്ദനത്തെത്തുടർന്ന് സമിയുലിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരുക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്നായിരുന്നു മരണം. സമിയുലിന്റെ ദേഹത്തിൽ 64 മുറിവുകളുണ്ടായിരുന്നു. പച്ചക്കറി വിൽപനക്കാരനായിരുന്നു സമിയുൽ. പിതാവ് ഡ്രൈവറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here