coast-guard-aircraft.jpg.image.784.410

ചെന്നൈ∙ കോസ്റ്റ്ഗാർഡിന്റെ കാണാതായ ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും റിസ്റ്റ് വാച്ച് പോലുള്ള സ്വകാര്യ ഉപകരണങ്ങളും കണ്ടെടുത്തു. ജൂൺ എട്ടിന് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം ആറുമണിക്കു പറന്നുയർന്ന വിമാനം രാത്രി ഒൻപതിനു അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. 9.23 വരെ റഡാറിൽ കണ്ട വിമാനം പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.

മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ ഉടന്‍ തന്നെ ഡിഎൻഎ പരിശോധനയ്ക്കു അയയ്ക്കുമെന്ന് കിഴക്കൻ മേഖല ഇൻസ്പെക്ടർ ജനറൽ സത്യ പ്രകാശ് സിങ് മാധ്യമങ്ങളെ അറിയിച്ചു. വിമാനത്തിന്റെ മിക്കവാറും എല്ലാഭാഗങ്ങളും കണ്ടെടുത്തതിനാൽ തിരച്ചിൽ നിർത്തിവച്ചു. ബ്ലാക്ക്ബോക്സ് ഉൾപ്പെടെ കണ്ടെടുത്തവയെല്ലാം ഉടൻ തന്നെ അന്വേഷണ ബോർഡിനു മുന്നിൽ സമർപ്പിക്കുമെന്നും സത്യ പ്രകാശ് സിങ് കൂട്ടിച്ചേർത്തു. വിമാനം ആകാശത്തുവച്ചു തന്നെ പൊട്ടിത്തെറിച്ച ശേഷം കടലിലേക്കു വീഴുകയായിരുന്നുവെന്നു വിലയിരുത്തുന്നതായി സിങ് പറയുന്നു.

ഇന്നലെ രാത്രി നടത്തിയ തിരച്ചിലിലാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൈലറ്റ്, ഡപ്യൂട്ടി കമാൻഡന്റ് വിദ്യാസാഗർ, കോ-പൈലറ്റ് ഡപ്യൂട്ടി കമാൻഡന്റ് സുഭാഷ് സുരേഷ്, നാവിഗേറ്റർ / ഒബ്സർവർ എം.കെ. സോണി എന്നിവരെയാണ് വിമാനത്തിനൊപ്പം കാണാതായത്. പതിവു പരിശോധനയ്ക്കായി പോയ വിമാനം തിരികെ വരവെയാണ് അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here