railway-girls.jpg.image.784.410

പത്തനംതിട്ട ∙ പാലക്കാട്ട് റയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ ഒന്നിലധികം മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ടാബ്‍ലറ്റിനൊപ്പം മൊബൈൽഫോണും പെൺകുട്ടികളുടെ പക്കലുണ്ടായിരുന്നു. മരിച്ച രണ്ടു പെൺകുട്ടികളും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയും ഉപയോഗിച്ചിരുന്നത് ഒരേ ഫോൺ ആണ്.

എന്നാൽ ഇവരെ കാണാതായതിനുശേഷം മൊബൈൽഫോണിന്റെ ഉപയോഗം നിർത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്ന് ഫോണിലേക്ക് വിളിച്ചവർ പൊലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിയിൽ ചികിൽസയിലുള്ള ആര്യ എന്ന കുട്ടിയുടെ അമ്മയുടെ പേരിലുള്ള മൊബൈൽ ഫോണാണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്. ഇതുകൂടാതെ മറ്റൊരു സിം കാർഡും ഇവരുടെ കൈവശമുണ്ടായിരുന്നു.

നേരത്തെ, പെൺകുട്ടികൾ മൊബൈൽ ഫോൺ സിം കാർഡ് സംഘടിപ്പിച്ചത് വ്യാജമായിട്ടാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കോന്നിയിലെ അയൽക്കാരിയുടെ പേരിലാണ് അവർ അറിയാതെ സിം എടുത്തത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് അയൽവാസിയായ മോളി ഇക്കാര്യം അറിഞ്ഞത്. പെൺകുട്ടികൾക്ക് തന്റെ തിരിച്ചറിയൽ കാർഡ് നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു.

മരിച്ച പെൺകുട്ടികളിലൊരാൾ മോളി എന്ന സ്ത്രീയുടെ അയൽവാസിയാണ്. ഇവരുടെ വ്യാജ ഐഡി കാർഡുപയോഗിച്ചാണ് ടാബ്‍ലെറ്റിൽ ഉപയോഗിക്കുന്ന സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ടാബ്‍ലെറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. മോളിയുടെ കൈയ്യിൽ നിന്നും ഐഡി കാർഡോ കളഞ്ഞു പോയിട്ടില്ല. അതിനാൽ തന്നെ എവിടെയെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കൊടുത്തപ്പോൾ അവിടെ നിന്നും ഇതിന്റെ പകർപ്പ് പെൺകുട്ടികൾ കൈക്കലാക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, പാലക്കാട് റയിൽവേട്രാക്കിൽ കണ്ടെത്തി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ആര്യ കെ. സുരേഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല. ആര്യക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികളെ മരിച്ച നിലയിൽ റയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടികളുടെ മരണവുമായി കസ്റ്റഡിയിലെടുത്ത യുവാവിന് ബന്ധമില്ലെന്ന് പൊലീസ്. തൃശൂര്‍ സ്വദേശി പെണ്‍കുട്ടികളുടെ സുഹൃത്ത് മാത്രമെന്നും ഫേസ് ബുക്ക് ചാറ്റിൽ അസ്വഭാവികതയില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടികളുടേത് ആത്മഹത്യയെന്നു തന്നെയാണ് സൂചനയെന്നും കോന്നിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഐ.ജി മനോജ് ഏബ്രഹാം പറഞ്ഞു. പെൺകുട്ടികളുടെ കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് തീരുമാനം.

അതിനിടെ, പെൺകുട്ടികൾ രണ്ടു തവണ ബെംഗളൂരുവില്‍ പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ട്രെയിന്‍, ബസ് വഴിയായിരുന്നു യാത്ര. മൂന്നുപേർക്ക് മാത്രമാണ് ടിക്കറ്റ് എടുത്തിരുന്നത്. മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോയെന്ന് സൂചനയില്ല. ആദ്യം പോയതിനുശേഷം തിരിച്ച് കൊച്ചിയില്‍ വന്നു, പിന്നീടും പോയി. ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ്‌ലറ്റ് കാണാനില്ലെന്നും ഇത് വിറ്റെന്നാണ് സംശയമെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. അന്വേഷണസംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. പെൺകുട്ടികളുടെ ബാഗ് കോന്നിയിലെത്തിച്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

പെൺകുട്ടികൾ ബെംഗളൂരുവിൽ പോയിരുന്നതായി ഇന്നലെ തെളിവു ലഭിച്ചിരുന്നു. ബെംഗളൂരുവിലെ ലാൽ ബാഗ് സന്ദർശിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. ഇവർ ശനിയാഴ്ച അങ്കമാലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ഞായറാഴ്ച ലാൽ ബാഗ് സന്ദർശിച്ചു. ഇതിന്റെ ടിക്കറ്റുകൾ പെൺകുട്ടികളുടെ ബാഗിൽ നിന്നും കണ്ടെത്തി. ബാംഗ്ലൂർ – നാഗർകോവിൽ ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് പത്തനംതിട്ട കോന്നിയിൽ നിന്നു കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഐരവൺ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് മങ്കര – ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയ്ക്കു കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here