കോഴിക്കോട് ∙ വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ടു ചെയ്യാൻ ജനം തയാറാണെന്നും നോ താങ്ക്സ് എന്നു മാത്രം പറയാതിരുന്നാൽ മതിയെന്നും കെ. മുരളീധരൻ എംഎൽഎ. മുൻ മേയർ പി.ടി. മധുസൂദനകുറുപ്പ് പുരസ്കാരം പികെകെ ബാവയ്ക്ക് സമ്മാനിക്കുയായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പു വിജയം തലയ്ക്കു പിടിച്ചിരുന്നാൽ വിജയിക്കാനാവില്ല. അരുവിക്കരയിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ യോഗങ്ങൾ വിജയം കണ്ടുവെങ്കിലും താഴെ തട്ടിലുള്ള നേതാക്കളുടെ പ്രവർത്തനം കാര്യമായുണ്ടായില്ല.

നേതാക്കൾ പ്രസംഗിക്കുമ്പോൾ അവർക്കരികിൽ നിന്നു ചാനലുകളിൽ മുഖം കാണിക്കാനായിരുന്നു പലർക്കും താൽപര്യം. പത്രവാർത്തകളിലും ചാനൽ വാർത്തകളിലും ജനങ്ങൾ സ്വാധീനിക്കപ്പെടുന്നില്ല. മുന്നിലുള്ള യാഥാർഥ്യം മനസിലാക്കിയാണ് ജനം വോട്ടു ചെയ്യുന്നത്. ഇതിന്റെ ഉദാഹരണമാണ് അരുവിക്കരയിലെ വിജയം. പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മമതാ ബാനർജിയും ജയലളിതയും വരെ വിട്ടു നിന്നിട്ടും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി മാണിക് സർക്കാർ പങ്കെടുത്തു. ഇതു ചില സൂചനകളാണ് നൽ‍കുന്നത്. കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം ആരുമായും കൂട്ടുകൂടും എന്ന സ്ഥിതിയിലായിരിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ഏതു രോഗത്തിനും മരുന്ന് കാളൻ നെല്ലായി എന്നും പറയുംപോലെ ഏതു തിരഞ്ഞെടുപ്പിലും സ്ഥാനാർഥി ഒ. രാജഗോപാൽ എന്നതാണു ബിജെപിയുടെ തുറുപ്പു ചീട്ട്. ഇങ്ങനെയാണെങ്കിലും ബിജെപിയെ നിസാരമായി കാണരുത്. യുഡിഎഫും ബിജെപിയുമായി മൽസരം മാറിയിരിക്കുന്നു. തങ്ങൾ കൊടിയില്ലാത്ത കാറിൽ വരുമ്പോൾ കൊടി വച്ച കാറിൽ കൂട്ടത്തിലൊരുത്തൻ വരണ്ടാ എന്നു ചില നേതാക്കൾ ചിന്തിക്കാതിരുന്നാൽ കോഴിക്കോട് കോർപറേഷൻ ഭരണം യുഡിഎഫിനു തിരിച്ചു പിടിക്കാൻ കഴിയുമെന്നും മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here