തിരുവനന്തപുരം∙ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെ മാന്യമല്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ നിയമസഭ താക്കീതു ചെയ്തു. ചാനൽ അഭിമുഖത്തിൽ കെ.ആർ. ഗൗരിയമ്മ, ടി.വി. തോമസ്, ആർ. ബാലകൃഷ്ണപിള്ള, കെ.ബി. ഗണേഷ് കുമാർ എന്നിവരെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിലയിരുത്തിയ കെ. മുരളീധരൻ അധ്യക്ഷനായ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്ത നടപടി സഭ ഏകകണ്ഠമായി അംഗീകരിച്ചു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. ‘നിയമസഭാ സാമാജികനിൽ നിന്നു മാന്യവും ഉത്തരവാദിത്തത്തോടെയുമുള്ള പെരുമാറ്റമാണു ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നിയമസഭാംഗമെന്ന പദവിക്കു നിരക്കാത്ത പെരുമാറ്റം ആവർത്തിക്കരുത്’– പ്രമേയം താക്കീതു ചെയ്തു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അന്നു ചീഫ് വിപ്പായിരുന്ന പി.സി. ജോർജിന്റെ പരാമർശം സംബന്ധിച്ച പരാതി 2013 മാർച്ചിൽ സ്പീക്കർക്കു നൽകിയത്. ജോർജ് സഭയിലെ ഒരംഗത്തെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയും പ്രതിപക്ഷാംഗങ്ങളെ തെണ്ടികളെന്നു വിളിക്കുകയും ചെയ്തതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്പീക്കർ അതു സമിതിക്കു കൈമാറി. ഗൗരിയമ്മയെ താൻ അപമാനിച്ചിട്ടില്ലെന്നും സാംസ്കാരിക വകുപ്പു പുറത്തിറക്കിയ ‘ടി.വി. തോമസ്’ എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നുമാണു സമിതി മുമ്പാകെ ജോർജ് നൽകിയ വിശദീകരണം. സഭയിൽ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയെ കണ്ടു ഖേദം പ്രകടിപ്പിക്കാൻ തയാറാണോ എന്ന ചോദ്യത്തിന്, ഇപ്പോൾ അത്തരമൊരു സാഹചര്യം നിലവിലില്ലെന്നായിരുന്നു മറുപടി. ഗൗരിയമ്മയുടെ ഭർത്താവും മുൻമന്ത്രിയുമായ പരേതനായ ടി.വി. തോമസിനെക്കുറിച്ചു നടത്തിയ പരാമർശമാണ് ഏറ്റവും വിവാദമായത്. തന്റെ വീട്ടിൽ നടത്തിയ സ്വകാര്യ സംഭാഷണം ഒളിക്യാമറയിൽ പകർത്തിയാണു സംപ്രേഷണം ചെയ്തതെന്നും ഇതു തന്നെ വേദനിപ്പിച്ചെന്നും ജോർജ് പറഞ്ഞു. സംഭാഷണം രേഖപ്പെടുത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പരാമർശങ്ങൾ നടത്തുമായിരുന്നില്ലെന്നും അദ്ദേഹം സമിതിയെ അറിയിച്ചു.

ജോർജിന്റെ പരാമർശങ്ങൾ നീതീകരിക്കാനാകില്ലെന്നും നിയമസഭാംഗമെന്ന ബഹുമാന്യ പദവിക്കു കോട്ടം തട്ടുന്ന രീതിയിലുള്ള പരാമർശം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമുളള നിഗമനത്തിലാണു സമിതി എത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണു താക്കീതിനു ശുപാർശ.

ഭരണകക്ഷിയിൽ നിന്നു തോമസ് ഉണ്ണിയാടൻ, സി. മമ്മൂട്ടി, മോൻസ് ജോസഫ്, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങളായ ജി. സുധാകരൻ, മാത്യു ടി. തോമസ്, സാജു പോൾ എന്നിവർ റിപ്പോർട്ടിനോടു വിയോജിച്ചു തയാറാക്കിയ കുറിപ്പിൽ ജോർജിനു താക്കീതു പോരെന്നും ഒരു സമ്മേളനത്തിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്നും നിർദേശിച്ചു. തെളിവെടുപ്പു സമയത്തു ചെയർമാൻ അടക്കം രണ്ടു പേർ മാത്രമുണ്ടായിരുന്ന ഭരണകക്ഷി അംഗങ്ങൾ പി.സി. ജോർജിനെ രക്ഷിക്കാനായി തയാറാക്കിയ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും നേരിയ ഭൂരിപക്ഷം മാത്രമുള്ള സർക്കാരിനെ നിലനിർത്താനായി ജോർജ് ചെയ്ത സേവനത്തിനു പ്രതിഫലമായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതാണു റിപ്പോർട്ട് എന്നും വിയോജനക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ സമിതിയുടെ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ വിയോജനക്കുറിപ്പു രേഖപ്പെടുത്തിയവർ ആരും എതിർപ്പ് അറിയിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here