കോട്ടയം∙ ഒറ്റപ്പാലം മങ്കരയ്ക്കു സമീപം ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ മരണകാരണം വീഴ്ചയിലെ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടികൾ ലൈംഗീക ചൂഷണത്തിന് ഇരയായിട്ടില്ല. ട്രെയിനിൽ നിന്നു ചാടിയതാകാം എന്നാണ് നിഗമനം. ഫൊറൻസിക് സർജൻ പ്രാഥമിക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. പെൺകുട്ടികളുടെത് ആത്മഹത്യാകാമെന്ന് പൊലീസ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

ഫൊറൻസിക് സർജൻ കഴിഞ്ഞ മൂന്നു ദിവസമായി അവധിയിൽ പോയതിനാൽ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളുടെ മൃതദേഹം അഞ്ചുമണിക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തിയതിലും സർജന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

അതിനിടെ, കോന്നിയിലെ പെൺകുട്ടികളെ തിരോധാനം സംബന്ധിച്ച് അന്വേഷണത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തുമെന്നും പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി അടൂർ പ്രകാശ് വ്യക്തമാക്കി. ചികിൽസയിൽ കഴിയുന്ന ആര്യ കെ.സുരേഷിന്റെ ചികിൽസാച്ചെലുകൾ സർക്കാർ വഹിക്കും. മരിച്ച പെൺകുട്ടികളുടെ വീട്ടുകാർക്ക് ആശ്വാസധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും പെൺകുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അടൂർ പ്രകാശ് സ്ഥലം സന്ദർശിക്കാൻ ഇത്രയും നാൾ വൈകിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മുരളീധരന്റെ സന്ദർശനത്തിനു പിന്നാലെയായിരുന്നു മന്ത്രി അടൂർ പ്രകാശിന്റെ സന്ദർശനം.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന ആര്യയുടെ നില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. മെഡിസിൻ വിഭാഗം ഐസിയുവിൽ നിന്ന് ആര്യയെ ന്യൂറോ സർജറിയിലേക്ക് മാറ്റി. ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് എത്തിയിരുന്നെങ്കിലും മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ ആര്യയിൽ നിന്നു മൊഴിയെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here