ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുപിയിലെ ഫത്തേപൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി യാതൊരു വികസനവും നടക്കുന്നില്ല. യുപിയിലെ വികസനത്തിന്റെ ഈ വനവാസം ഇപ്പോള്‍ അവസാനിക്കണമെന്ന് മോദി പറഞ്ഞു.

രാജ്യം വളരെ വേഗത്തില്‍ കുതിക്കുകയാണ്, ഉത്തര്‍പ്രദേശും അതിനൊപ്പം വളരണം. യുപിയിലെ പൊലീസ് നിഷ്‌ക്രിയരാണ്. എന്തുകൊണ്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്തത്? എസ്പി നേതാവും മന്ത്രിയുമായ ഗായത്രി പ്രജാപതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഇടപെടേണ്ടി വന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

യുപിയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുത്. റംസാന്‍ സമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്ന് മോദി പറഞ്ഞു.

യുപിയിലെ എസ്പി- കോണ്‍ഗ്രസ് ബന്ധത്തെയും മോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ഭരണകക്ഷി പുതിയൊരു സഖ്യത്തില്‍ ഏര്‍പ്പെട്ടു. റാം മനോഹര്‍ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കൊപ്പം എസ്പി ചേര്‍ന്നുവെന്നും മോദി കുറ്റപ്പെടുത്തി.

അഖിലേഷിന്റെ ശബ്ദത്തില്‍ ഇടര്‍ച്ചയുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ തോല്‍വിയെ സൂചിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here