വാഷിങ്ടൺ ∙ പ്ലൂട്ടോയുടെ പ്രതലത്തില്‍ ഒഴുകിനീങ്ങുന്ന നൈട്രജന്‍ മഞ്ഞുപാളികളുള്ളതായി സൂചന. നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച പുതിയ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. പര്‍വ്വതങ്ങള്‍ക്ക് ചുറ്റിനും ഗര്‍ത്തങ്ങളിലുമൊക്കെ ഒഴുകിനീങ്ങുന്ന നൈട്രജന്‍ മഞ്ഞുപാളികളാണ് അവിടെയുള്ളതെന്നാണ് ഗവേഷകരുടെ നിഗമനം. കൂടാതെ, പ്ലൂട്ടോയുടെ പ്രതലത്തില്‍നിന്ന് 160 കിലോമീറ്റര്‍ ഉയരം വരെ നിഗൂഢമായ ചുവപ്പ് മൂടല്‍മഞ്ഞുള്ളതായും കണ്ടെത്തി.

പ്ലൂട്ടോയുടെ നിഴൽ ചിത്രങ്ങളും പുറത്തുവന്നതിൽ ഉൾപ്പെടുന്നു. പ്ലൂട്ടോയ്ക്ക് 20 ലക്ഷം കിലോമീറ്റര്‍ അകലെനിന്നാണ് ഇത് പകർത്തിയിരിക്കുന്നത്. ഒന്‍പതര വര്‍ഷംകൊണ്ട് അഞ്ഞൂറ് കോടി കിലോമീറ്ററിലേറെ സഞ്ചരിച്ച ന്യൂ ഹൊറൈസണ്‍സ് പേടകം കഴിഞ്ഞ ജൂലായ് 14 നാണ് പ്ലൂട്ടോയ്ക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോയത്. ആ വേളയില്‍ പ്ലൂട്ടോയുടെയും ഉപഗോളങ്ങളുടെയും ഒട്ടേറെ സമീപദൃശ്യങ്ങള്‍ പേടകം എടുത്തിട്ടുണ്ട്. നിര്‍ണായകമായ നിരീക്ഷണങ്ങള്‍ പേടകം നടത്തുകയും ചെയ്തു.

പ്ലൂട്ടോയില്‍ 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട 11,000 അടി ഉയരമുള്ള ഹിമപര്‍വതങ്ങള്‍ കണ്ടെത്തിയിരുന്നു. ഹൊറൈസണ്‍സ് പകർത്തിയ ചിത്രത്തിലാണ് ഇക്കാര്യങ്ങൾ അന്ന് പുറത്തുവന്നത്. ജൂലായ് 14 ന് പ്ലൂട്ടോയുടെ 77,000 കിലോമീറ്റര്‍ അരികിലൂടെ പറന്ന പേടകമാണ് ഉപരിതല ചിത്രങ്ങള്‍ പകര്‍ത്തിയത്. മഞ്ഞുനിറഞ്ഞ പ്ലൂട്ടോയുടെ പ്രതലത്തില്‍ ഏകദേശം 3500 മീറ്റര്‍ ഉയരത്തിലാണ് ഹിമപര്‍വതങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോഴും പര്‍വതങ്ങള്‍ വളരുകയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here