ദുബായ്∙ കോട്ടയം കറുകച്ചാൽ സ്വദേശി കൊല്ലപ്പെട്ട കേസിൽ ആറ്റിങ്ങൽ സ്വദേശിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു. താമസസ്‌ഥലത്തെ സംഘർഷത്തിനിടെ കറുകച്ചാൽ പുത്തൻപുരയ്‌ക്കൽ ബാബു അഗസ്‌റ്റിന്റെ മകൻ സുബിൻ കൊല്ലപ്പെട്ട കേസിലാണ് ആറ്റിങ്ങൽ പുറമ്പൻചാനി വീട്ടിൽ സന്തോഷിനു (41) ശിക്ഷ വിധിച്ചത്. സുബിന്റെ കുടുംബം മാപ്പു നൽകിയാൽ വധശിക്ഷ ഒഴിവാകുമെങ്കിലും ഇതിന് 50 ലക്ഷം രൂപ ദയാധനം വേണ്ടിവരും. തങ്ങൾക്കു സംഭവിച്ച നഷ്‌ടത്തിന് ഒന്നും പരിഹാരമാവില്ലെന്ന് അറിയാമെന്നു കൊല്ലപ്പെട്ട സുബിന്റെ പിതാവ് ബാബു അഗസ്‌റ്റിൻ പറഞ്ഞു. എന്നാൽ, യുഎഇ നീതിപീഠത്തിന്റെ വിധി സന്തോഷിനെ പോലെയുള്ളവർ ഇനി ആരുടെയും ജീവൻ എടുക്കാതിരിക്കാൻ ഉപകരിക്കുമെന്നു ബാബു അഗസ്‌റ്റിൻ പറഞ്ഞു.

2011 ജൂലൈ 29ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ജോലി കഴിഞ്ഞെത്തി മുറിയിൽ വിശ്രമിക്കുമ്പോൾ അടുത്ത മുറിയിൽനിന്നു വഴക്കുകേട്ടു തുറന്നുനോക്കുമ്പോൾ മർദനമേൽക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. ബഹളത്തിനിടെ സുബിന് അബദ്ധത്തിൽ കുത്തേൽക്കുകയായിരുന്നുവത്രേ. അറസ്‌റ്റിലായ സന്തോഷിനുവേണ്ടി അഭിഭാഷകനെ ഏർപ്പെടുത്താൻപോലും കഴിഞ്ഞില്ലെന്നു സഹോദരൻ സതീഷ് പറയുന്നു. കോടതിതന്നെ അഭിഭാഷക സേവനം ലഭ്യമാക്കുകയായിരുന്നു. ഗൾഫിൽ വന്നതിനു നാട്ടിൽ വായ്‌പ ഇനത്തിലും മറ്റും വൻ ബാധ്യതയുള്ളതായും പറഞ്ഞു. സഹായം തേടി സന്തോഷിന്റെ ഭാര്യ റിയ എംബസി അധികൃതർക്കും കേരള സർക്കാരിനും നിവേദനം നൽകിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലെ തുച്‌ഛ വരുമാനം കൊണ്ടാണു താനും കുടുംബവും ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here