മുംബൈ∙ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ കേസിൽ നടൻ സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗവർണർക്ക് ബിജെപിയുടെ മുംബൈ ഘടകം കത്ത് നൽകി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ച് സൽമാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി.
സൽമാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ആശിഷ് ഷെലാർ ഗവർണറെ കണ്ടു. യാക്കൂബിന്റെ വധശിക്ഷ റദ്ദാക്കണമെന്ന സൽമാന്റെ ട്വീറ്റ് നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തെ പിന്തുണയ്ച്ചെന്നതിന്റെ അടിസ്ഥാനത്തിൽ സൽമാന്റെ ജാമ്യം റദ്ദാക്കണമെന്നും ആശിഷ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരായ ട്വീറ്റർ പോസ്റ്റ് വിവാദമായതോടെ സൽമാൻ ഖാൻ അത് പിൻവലിച്ചിരുന്നു. അങ്ങനെ ട്വീറ്റ് ചെയ്തതിൽ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും സൽമാൻ പറഞ്ഞിരുന്നു