money-profit.jpg.image.784.410

ന്യൂ‍ഡൽഹി∙ കഴിഞ്ഞ 14 വർഷത്തിനിടെ ഇന്ത്യയിൽ നിന്നും നാടുവിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയത് 61,000ൽ അധികം ലക്ഷാധിപതികൾ. നികുതിഭാരം, സുരക്ഷപരമായ കാരണങ്ങൾ, മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ഇത്രയധികം പേർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതത്രെ. ന്യൂവേൾഡ് വെൽത്ത്, ലിയോ ഗ്ലോബൽ എന്നിവർ സംയുക്തമായി പഠനം നടത്തി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2000നും 2014നും മധ്യേ സ്വന്തം രാജ്യം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ള സമ്പന്നരുടെ വിവരങ്ങളാണ് പഠനത്തിലുൾക്കൊള്ളിച്ചത്.

അതേസമയം, ഈ കാലയളവിൽ വിദേശത്തേക്ക് കുടിയേറിയ ധനാ‍ഢ്യരുടെ എണ്ണത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ് ചൈനയുടെ സ്ഥാനം. കഴിഞ്ഞ പതിനാലു വർഷത്തിനിടെ ചൈന വിട്ട ലക്ഷാധിപതികളുടെ എണ്ണം 91,000ൽ അധികമാണെന്നും പഠനം പറയുന്നു. ഇന്ത്യ വിടുന്ന ലക്ഷാധിപതികളിലേറെയും യുഎഇ, ബ്രിട്ടൻ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നതെന്നാണ് പഠനം പറയുന്നത്. എന്നാൽ, ചൈനീസ് ലക്ഷാധിപതികൾക്ക് കൂടുതൽ പ്രിയം യുഎസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങൾക്കു പുറമെ ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ പേർ കുടിയേറിയിരിക്കുന്നത് ബ്രിട്ടനിലേക്കാണ്. 1.25 ലക്ഷം ലക്ഷാധിപതികളാണ് ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് കുടിയേറിയത്. യുഎസിലേക്കും സിംഗപ്പൂരിലേക്കുമാണ് ഇതിനു ശേഷം കൂടുതൽ സമ്പന്നർ കുടിയേറുന്നത്. അതേസമയം, കൂടുതൽ പടിയിറങ്ങൽ നടന്ന മറ്റു രാജ്യങ്ങൾ ഫ്രാൻസ് (42,000), ഇറ്റലി (23,000), റഷ്യ (20,000), ഇന്തോനീഷ്യ (12,000), ദക്ഷിണാഫ്രിക്ക (8,000), ഈജിപ്ത് (7,000) എന്നിവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here