കൊച്ചി∙ ഐപിഎൽ വാതുവയ്പ്പ് കേസിൽ കുറ്റവിമുക്തനായി കേരളത്തിൽ എത്തിയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് പരിശീലനം തുടങ്ങി. ഇടപ്പള്ളി ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് ശ്രീ പരിശീലനത്തിന് ഇറങ്ങിയത്. അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഗ്രൗണ്ടിൽ എത്തിയത്. കുട്ടികളും മറ്റു കളിക്കാരും ശ്രീശാന്തിന് ആശംസകൾ നേരാൻ മൈതാനത്തുണ്ടായിരുന്നു. അണ്ടർ 14 ടീമിനൊപ്പമാണ് ശ്രീയുടെ പരിശീലനം. വൈകീട്ട് നാലുമണിയോടെ ശ്രീ എത്തുമ്പോൾ മാധ്യമപ്രവർത്തകർ അടക്കം വലിയ നിര മൈതാനത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.
കോടതി വിധിക്കു ശേഷം തിരിച്ചെത്തിയ ശ്രീശാന്തിന് സർവ പിന്തുണയും നൽകുമെന്ന് കെസിഎ പ്രസിഡന്റ് ടി.സി. മാത്യു വ്യക്തമാക്കിയിട്ടുണ്ട്. ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ കെസിഎയുടെ ഗ്രൗണ്ടുകളില്‍ ശ്രീശാന്തിന് പരിശീലനം നടത്താനാകില്ല. പക്ഷെ, കൊച്ചിയില്‍ തന്നെ പരിശീലനം നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി.സി. മാത്യു ഉറപ്പു നൽകിയിട്ടുണ്ട്.
ഡൽഹിയിൽ നിന്നു ഇന്നു രാവിലെയാണ് ശ്രീശാന്ത് കൊച്ചിയിലെത്തിയത്. വലിയ സ്വീകരണമാണ് ശ്രീക്ക് ആരാധകരും സുഹൃത്തുക്കളും ചേർന്ന് നൽകിയത്.