ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുന്നതിന് പ്രതിപക്ഷവുമായി സര്‍ക്കാര്‍ സമവായത്തിലെത്തിയില്ല. സ്ഥാനാര്‍ഥി ആരാണെന്ന് വെളിപ്പെടുത്താന്‍ ബി.ജെ.പി തയാറാകാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജ്‌നാഥ് സിങ്ങും നടത്തിയ ചര്‍ച്ച എങ്ങുമെത്താതെ അവസാനിച്ചത്. പേരുമായി ചര്‍ച്ചക്ക് വരാന്‍ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ട പ്രതിപക്ഷം തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ വീണ്ടും യോഗം ചേരുമെന്നും അറിയിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സമിതിയിലെ അംഗങ്ങളായ രാജ്‌നാഥും വെങ്കയ്യ നായിഡുവും വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. സമിതിയിലെ മൂന്നാമനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിദേശത്താണ്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സോണിയക്കൊപ്പം ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുണ്ടായിരുന്നു. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രിമാര്‍ ഇരുവരും പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരെ കണ്ട കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് സ്ഥാനാര്‍ഥി ആരാണെന്ന പേരുപോലും ഇല്ലാതെയാണ് ബി.ജെ.പി ചര്‍ച്ചക്ക് വന്നതെന്ന് കുറ്റപ്പെടുത്തി.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സഹകരണം വേണമെന്നാണ് ഇരു മന്ത്രിമാരും വന്ന് സോണിയയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ആരുടെയെങ്കിലും പേരുകള്‍ മുന്നോട്ടുവെച്ച് ചര്‍ച്ച നടത്താന്‍ തയാറായതുമില്ല. ആദ്യം അവര്‍ പേരുമായി വരട്ടെ. അതിന് ശേഷമാകാം സമവായ ചര്‍ച്ചയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിനോട് നിര്‍ദേശം മുന്നോട്ടുവെക്കാന്‍ സോണിയയോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടുവെങ്കിലും അവരതിന് തയാറായില്ല. ബി.ജെ.പി ഒരു പേര് നിര്‍ദേശിക്കുമെന്നും ആ നിര്‍ദേശം പാര്‍ട്ടിക്കുള്ളിലും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയത്. പേരില്ലാത്ത സ്ഥിതിക്ക് സമവായത്തിന്റെയും സഹകരണത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 

ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരു പേരും പറയാതെ ചര്‍ച്ചക്ക് വന്ന നടപടിയെ വിമര്‍ശിച്ചു. ബി.ജെ.പി മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥി ആരെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റു പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചചെയ്യാനാകൂ. അത് പറയാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും യോഗം ചേരുമെന്നും യെച്ചൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here