തിരുവനന്തപുരം:രാഷ്ട്രീയകക്ഷികളില്‍ അഭയം തേടാതെ, തൊഴിലാളി സംഘടനകളുടെ അട്ടിമറിയില്‍ മുറിവേല്‍ക്കാതെ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയ നഴ്‌സുമാര്‍ നേടിയതു മധുരിക്കുന്ന വിജയം. ജൂണില്‍ കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ സമരാഗ്‌നി തെളിഞ്ഞപ്പോള്‍ അത് ഇത്രയും ആളിപ്പടരുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷഷന്‍ തൃശൂരിലും സമരം ശക്തമാക്കി.

നഴ്‌സുമാര്‍ കൂട്ടത്തോടെ സമരവേദിയില്‍ എത്തിയതോടെ അതു കേരളമാകെ വ്യാപിക്കുമെന്നു സര്‍ക്കാര്‍ ഭയന്നു. കഴിഞ്ഞ പത്തിനു മിനിമം വേജസ് കമ്മിറ്റിയില്‍, സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളത്തിനിപ്പുറമൊരു വിട്ടുവീഴ്ചയ്ക്ക് നഴ്‌സുമാര്‍ തയാറായില്ല. നഴ്‌സുമാരെ ട്രെയിനിയായി നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാനേജ്‌മെന്റുകളാകട്ടെ തങ്ങളുടെ വരുതിയില്‍ എല്ലാം നില്‍ക്കണമെന്നാണു ശഠിച്ചത്. ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സിഐടിയു ഉള്‍പ്പെടയുള്ളവരുടെ മനസ്സ് മാനേജ്‌മെന്റുകള്‍ക്ക് ഒപ്പമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രികള്‍ നടത്തുന്നതുകൊണ്ടാണു ട്രേഡ് യൂണിയനുകള്‍ മുതലാളിപക്ഷ ചിന്തയിലേക്കു വഴിമാറിയത്.

അന്നത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനിച്ച ശമ്പളം ഇങ്ങനെ: 20 കിടക്കകള്‍വരെ–18,232 രൂപ, 21 മുതല്‍ 100 കിടക്കകള്‍വരെ–19,810 രൂപ, 101 മുതല്‍ 300 വരെ കിടക്കള്‍–20,014 രൂപ, 301 മുതല്‍ 500 വരെ കിടക്കകള്‍–20,980 രൂപ, 501 മുതല്‍ 800 കിടക്കകള്‍ വരെ–22,040 രൂപ, 800നു മുകളില്‍ കിടക്കകള്‍–23,760 രൂപ. ഇത് അംഗീകരിക്കാനാവില്ലെന്ന് അന്നു തന്നെ പ്രഖ്യാപിച്ച നഴ്‌സുമാരുടെ രണ്ടു സംഘടനകളും സമരത്തിലേക്കു തിരഞ്ഞു. പിറ്റേന്ന് യുഎന്‍എ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സര്‍ക്കാരിനു നല്‍കിയതു വലിയ മുന്നറിയിപ്പായിരുന്നു. 17 മുതല്‍ പണിമുടക്കു സമരം ആരംഭിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അപ്പോഴേക്കും ഐഎന്‍എയുടെ നേതൃത്വത്തില്‍ മലബാര്‍ മേഖലയില്‍ പണിമുടക്ക് ആരംഭിച്ചിരുന്നു.

കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയപ്പോള്‍ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാമെന്ന ഉറപ്പുമായി മാനേജ്‌മെന്റുകളുടെ സംഘടന രംഗത്തുവന്നു. അംഗീകരിക്കില്ലെന്നു നഴ്‌സുമാര്‍ അസന്നിഗ്ധമായി വ്യക്തമാക്കിയതോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നത്. 20 വരെ സമരം ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കണ്ണൂരിലെ സമരത്തെ നേരിടാന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ നിയോഗിക്കാന്‍ കലക്ടര്‍ തീരുമാനിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചു. ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ രോഗികളെ കൊലയ്ക്കു കൊടുക്കുന്നതാണു കലക്ടറുടെ തീരുമാനമെന്ന കുറ്റപ്പെടുത്തലുകള്‍ക്കൊടുവില്‍ ഉത്തരവ് മരവിപ്പിച്ചു.

19നു നടന്ന ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയിലും സുപ്രീംകോടതി സമിതിയുടെ ശമ്പള വര്‍ധന വേണമെന്ന ആവശ്യം മാനേജ്‌മെന്റുകള്‍ തള്ളി. ഉടന്‍, യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ കൂട്ട അവധി എടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്നു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പൂട്ടിയിടേണ്ടിവരുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here