ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമാത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് സത്യപ്രതി!ജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഉച്ചയ്ക്ക് 12.15 നാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തില്‍ നിന്ന് റാം നാഥ് കോവിന്ദ് പ്രഥമപൗരനായി റെയ്‌സിനക്കുന്നിലേക്ക്. പരമ്പരാഗത ആചാരങ്ങളുടെ പകിട്ടോടെ.രാവിലെ 10.30ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക്. രാഷ്്ട്രപതിയുടെ സൈനികസെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ആനയിച്ചു.

ഏറെ വെല്ലുവിളികളാണ് പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാത്തിരിക്കുന്നത്. മൃഗീയ ഭൂരിപക്ഷം സര്‍ക്കാരിനുള്ളപ്പോള്‍ ഭരണഘടന അട്ടിമറിക്കുന്നത് തടയാനും അസഹിഷ്ണുത അതിരുവിടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള ചുമതല രാംനാഥ് കോവിന്ദിനുണ്ട്. വലിയ വിജയം തെരഞ്ഞെടുപ്പില്‍ നേടിയാണ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ പിന്തുണ നേടുന്നതില്‍ കോവിന്ദിന്റെ ഭരണഘടനാ സ്ഥാനങ്ങളിലിരിക്കവേയുള്ള മാന്യമായ പെരുമാറ്റവും പ്രതിസന്ധികള്‍ അതിജീവിച്ച ബാല്യവും ഒക്കെ സഹായിച്ചു. കെ ആര്‍ നാരായണനു ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയാകുമ്പോള്‍ ഈ തീരുമാനം വെറും പ്രതീകാത്മകമല്ലെന്ന് തെളിയിക്കാന്‍ കോവിന്ദിനു കഴിയണം. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അക്രമസംഭവങ്ങള്‍ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ്. അക്രമികള്‍ക്ക് ശക്തമായ താക്കീതു നല്കാനും തുല്യനീതി ഉറപ്പാക്കാനും രാഷ്ട്രപതിക്ക് കഴിയണം. സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷം ലോക്‌സഭയില്‍ ഉണ്ട്. തന്റെ മുമ്പില്‍ വരുന്ന ബില്ലുകള്‍ ചട്ടപ്രകാരമാണോ എന്ന് രാഷ്ട്രപതി പരിശോധിക്കേണ്ടി വരും. ഓര്‍ഡിനന്‍സ് രാജ് നല്ലതല്ലെന്ന് പ്രണബ് മുഖര്‍ജി നല്കിയ മുന്നറിയിപ്പ് രാംനാഥ് കോവിന്ദിനും ഒരു സന്ദേശമാണ്.
2019ലെ തെരഞ്ഞെടുപ്പിനു ശേഷമാകും ഒരു പക്ഷേ രാംനാഥ് കോവിന്ദിനു മുന്നില്‍ പ്രധാന വെല്ലുവിളികള്‍ ഉയരുക. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞാല്‍ കോവിന്ദിന്റെ നിഷ്പക്ഷത പരീക്ഷിക്കപ്പെടും. ഇതുവരെ രാഷ്ട്രീയ ജീവിതത്തില്‍ മൃദുഭാഷിയായ കോവിന്ദ് പിന്തുടര്‍ന്ന സംശുദ്ധിയും ശൈലിയും രാഷ്ട്രപതി പദത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here