വാഷിംഗ്ടണ്‍:യുഎസിലെ കുഞ്ഞുങ്ങളുടെ മനസ് കീഴടക്കി മലയാളിയുടെ പ്രീയപ്പെട്ട കിറ്റക്‌സ് വളരുന്നു.അമേരിക്കയില്‍ ജനിക്കുന്ന ഒരു കുട്ടി പോലും കിറ്റക്‌സിന്റെ ഉടുപ്പിടാത്തതായി ഉണ്ടാകില്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍. കിറ്റക്‌സ് തുന്നുന്ന കുട്ടിയുടുപ്പുകള്‍ യുഎസിലെ 28,000 സ്റ്റോറുകളില്‍ ലഭിക്കും. ന്യൂജെഴ്‌സിയിലെ മോണ്ട്‌വേലിലാണു കിറ്റക്‌സ് യുഎസ്എയുടെ ആസ്ഥാനം. ഡിസൈനര്‍ സ്റ്റുഡിയോ ഉള്‍പ്പെടെ 9,000 ചതുരശ്ര അടി സമുച്ചയം. കിറ്റക്‌സ് യുഎസ്എയുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വിദേശികളാണ്’ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബിന്റെ വാക്കുകളില്‍ തെളിയുന്നതു കിഴക്കമ്പലമെന്ന കൊച്ചു ഗ്രാമത്തില്‍ പിറന്നു യുഎസ് വരെ വളര്‍ന്നൊരു സംരംഭത്തിന്റെ വിജയ കഥ.

 1993 ലാണു കമ്പനി റജിസ്റ്റര്‍ ചെയ്തത്. തിരുപ്പൂരിലും ബെംഗളൂരുവിലും ചൈനയിലുമൊക്കെയുള്ള ഗാര്‍മെന്റ് ഫാക്ടറികള്‍ സന്ദര്‍ശിച്ചു ഗുണവും ദോഷവും മനസിലാക്കി. ഫാക്ടറി കമ്മിഷന്‍ ചെയ്തത് 1995 ല്‍. പൂര്‍ണമായും ശീതീകരിച്ച ആദ്യ ഗാര്‍മെന്റ് ഫാക്ടറി! വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി ഡോര്‍മിറ്ററിയും നിര്‍മിച്ചു.എല്ലാ സൗകര്യങ്ങളുമുള്ള അത്തരമൊരു ഹോസ്റ്റലും ആദ്യ സംഭവം. പലരും പറഞ്ഞു: നല്ല ഫാക്ടറി. ചിലര്‍ പറഞ്ഞു: ‘അയാള്‍ എന്തൊരു വിഡ്ഢിയാണ്. തുണി വാങ്ങാന്‍ ആരു വരും കിഴക്കമ്പലത്തേക്ക്.’ അങ്ങനെയൊരു കാര്യം ഞങ്ങളും ആലോചിച്ചിരുന്നില്ല. അഞ്ചു വര്‍ഷം വല്ലാതെ കഷ്ടപ്പെട്ടു. ഇടനിലക്കാര്‍ വഴിയായിരുന്നു വിപണനം. അവര്‍ ശരിക്കു ചൂഷണം ചെയ്തു.

 2000ല്‍ യുഎസില്‍നിന്നു നേരിട്ടൊരു ബയറെത്തി; വിഖ്യാതമായ ഗെര്‍ബര്‍ ചില്‍ഡ്രന്‍സ് വെയര്‍. അവര്‍ വന്നു. ഫാക്ടറിയും ഉല്‍പന്നങ്ങളും കണ്ടു തൃപ്തരായി. അങ്ങനെ, 5000 ഡോളറിന്റെ ഇടപാട്. നേരിട്ടുള്ള ആദ്യ വിദേശ ബിസിനസ്! അവരുടെ ബ്രാന്‍ഡില്‍ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ യുഎസ് വിപണിയില്‍. ആഗോള സാമ്പത്തികമാന്ദ്യ കാലം.ബിസിനസ് ഇടിയുന്ന കാലത്തു പക്ഷേ, കുഞ്ഞുടുപ്പുകളുടെ വില്‍പന കൂടുകയാണു ചെയ്തത്. കാരണം ലളിതമായിരുന്നു. എത്ര സാമ്പത്തിക പ്രയാസമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരും വിട്ടുവീഴ്ച ചെയ്യില്ല. 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഞങ്ങളുടെ ഉല്‍പന്നങ്ങള്‍.
പിന്നീട്, ആഗോള ഭീമന്‍മാരായ വാള്‍മാര്‍ട് വന്നു. 29 ഗാര്‍മെന്റ് ഫാക്ടറികള്‍ സന്ദര്‍ശിച്ചെങ്കിലും അവര്‍ക്ക് ഇഷ്ടപ്പെട്ടതു കിറ്റക്‌സ് മാത്രം. ഞങ്ങളുടെ സൗകര്യങ്ങളും ഉല്‍പന്ന ഗുണനിലവാരവും തന്നെയായിരുന്നു കാരണം. ഒന്നു കൂടിയുണ്ട്, ഗെര്‍ബറുമായുള്ള ബിസിനസ് അയ്യായിരം ഡോളറില്‍ നിന്ന് രണ്ടു കോടി ഡോളറിലേക്കു വളര്‍ന്നു!ന്മ യുഎസിലെ ഗുണനിലവാര മാനദണ്ഡങ്ങള്‍ അതീവ കര്‍ശനമാണ്. ഫാക്ടറിയില്‍ വിവിധ ഏജന്‍സികളുടെ നിരന്തര പരിശോധനകളുണ്ടാകും. അവയില്‍ പരാജയപ്പെട്ടാല്‍ കമ്പനി കരിമ്പട്ടികയിലാകും. കൊച്ചു കുഞ്ഞുങ്ങളുടെ ഉടുപ്പുകളാകുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ വേണം. ഒരു പോറല്‍ പോലും ഉണ്ടാകാത്ത വിധം മൃദുവായ തുണിയാകണം. അതേസമയം, ബലവുമുണ്ടാകണം. കുഞ്ഞുങ്ങള്‍ ഉടുപ്പു കടിക്കും. അതുകൊണ്ടു തന്നെ അപകടകരമായ രാസവസ്തുക്കളും നിറങ്ങളും പാടില്ല. കുഞ്ഞുങ്ങളുടെ ഉമിനീരുമായി കലര്‍ന്നാലും അപകടമില്ലാത്ത നിറങ്ങള്‍ മാത്രമേ ഉപയോഗിക്കൂ!
ന്മ തുടക്കത്തില്‍ ധാരാളം മലയാളി ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍, ആകെയുള്ള 9,800 ജീവനക്കാരില്‍ 60 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അസം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ മിടുക്കരാണ്. തിരുപ്പൂര്‍ ഉള്‍പ്പെടെയുള്ള ടെക്‌സ്‌റ്റൈല്‍ ഹബുകള്‍ പിന്നീടു കിറ്റക്‌സ് മാതൃക പിന്തുടര്‍ന്ന് ജീവനക്കാര്‍ക്കു താമസസ്ഥലം ലഭ്യമാക്കി.

തൊണ്ണൂറുകളില്‍ അങ്ങനെയൊരു പതിവ് ഒരു ഗാര്‍മെന്റ് കമ്പനിക്കും ഉണ്ടായിരുന്നില്ല. ന്മ യുഎസില്‍ മൂന്നു തരത്തിലാണു കിറ്റക്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ഗെര്‍ബര്‍ പോലുള്ള കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡില്‍ തുന്നിക്കൊടുക്കും. രണ്ടാമത്തേതു ബ്രാന്‍ഡ് ലൈസന്‍സ് വാങ്ങി ആ പേരില്‍ വില്‍ക്കുന്നതാണ്. ലെമാസ് ബൈ കിറ്റക്‌സ് അതിലൊന്നാണ്. അടുത്തതു സ്വന്തം ബ്രാന്‍ഡാണ്. ലിറ്റില്‍ സ്റ്റാര്‍, മൈ ലിറ്റില്‍ സ്റ്റാര്‍ തുടങ്ങിയവ പൂര്‍ണമായും കിറ്റക്‌സിന്റെ സ്വന്തം ബ്രാന്‍ഡുകളാണ്.
സ്വന്തം ബ്രാന്‍ഡുകളില്‍ നിന്നു മാത്രം ഈ വര്‍ഷം 10 കോടി ഡോളര്‍ (650 കോടി രൂപ) വരുമാനമാണു പ്രതീക്ഷിക്കുന്നത്. കിറ്റക്‌സ് ഗാര്‍മെന്റ് പൂര്‍ണമായും കയറ്റുമതി അധിഷ്ഠിതമാണ്. നിലവില്‍ 800 കോടിയാണു വരുമാനം. 2020 ല്‍ 2,000 കോടിയാണു ലക്ഷ്യമിടുന്നത്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ കോടികളാണു ചെലവിടുന്നത്. കെട്ടിടം വലുതാക്കുകയല്ല ചെയ്യുക. റോബട്ടിക് മെഷീന്‍ പോലുള്ളവ ഉപയോഗിച്ചാണ് ഉല്‍പാദനം വര്‍ധിപ്പിക്കുക. പ്രതിദിനം ആറു ലക്ഷം ഉടുപ്പുകളാണ് നിര്‍മിക്കുന്നത്. 2020 ല്‍ അത് 11 ലക്ഷമാകും!

LEAVE A REPLY

Please enter your comment!
Please enter your name here