കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലഴികള്‍ക്കുള്ളിലായ മലയാളത്തിലെ ജനപ്രീയ നായകന്‍ ദിലീപിന് അടുത്തെങ്ങും പുറംലോകം കാണാന്‍ കഴിയുമെന്ന് ഉറ്റബന്ധുക്കള്‍പോലും കരുതുന്നില്ല. സുരക്ഷാപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് കോടതിയിലെ വിചാരണ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആക്കിയതോടെ ദിലീപിന് ജയിലില്‍ രാപകല്‍ കഴിയാം എന്ന അവസ്ഥയായി. എന്നിട്ടും അടുത്ത പടിയായ നിയമപോരാട്ടത്തിലേക്ക് നടനും അടുപ്പക്കാരും എത്തുന്നില്ല. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയെങ്കിലും തല്‍ക്കാലം ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.ഹൈക്കോടതി ജാമ്യം തള്ളി ഗൗരവമായ വീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ഉടന്‍സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സൂചന.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇനി ദിലീപിന് രണ്ടു കാര്യമാണ് ചെയ്യാനാകുക.സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക അല്ലെങ്കില്‍ കുറച്ചു കാത്തിരുന്ന് ഹൈക്കോടതിയെ സമീപിക്കുക.എന്നാല്‍ ദിലീപ് കേസില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹൈക്കോടതിയുടെ വിലയിരുത്തല്‍ സുപ്രീം കോടതിയിലും തിരിച്ചടിയാകും.അതിനാല്‍ തല്‍ക്കാലും സുപ്രീം കോടതിയിലേക്ക് പോകേണ്ടെന്ന നിലപാടിലാണ് താരം.അങ്ങനെയെങ്കില്‍ റിമാന്‍ഡില്‍ കൂടുതല്‍ കാലം കഴിയേണ്ടിവരും.
ഇതോടൊപ്പം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണരേഖകളും ദിലീപിന്റെ ജാമ്യവാദത്തെ ദുര്‍ബലപ്പെടുത്തി. രഹസ്യമായി നടക്കുന്ന ഗൂഢാലോചനയ്ക്കു നേരിട്ടു തെളിവു ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹചര്യത്തെളിവുകളാണു പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) കോടതിയുടെ പരിശോധനയ്ക്കു കേസ് ഡയറിയും കൈമാറിയിരുന്നു. ഒന്നാംപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അറിയുകയേ ഇല്ലെന്നു ദിലീപ് പറയുന്നിടത്തുനിന്നാണ് അന്വേഷണം മുന്നേറുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും നേരിട്ടും അല്ലാതെയുമുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹര്‍ജിക്കാരന് എതിരാണെന്നും ഡിജിപി വാദിച്ചു. 

കുറ്റകൃത്യം നടക്കും മുന്‍പുള്ള വസ്തുതകളും കൃത്യം നടത്തിയ ശേഷം പ്രതിയുടെ പെരുമാറ്റവും – രണ്ടു തരത്തിലുള്ള തെളിവുകളാണു ശേഖരിച്ചതെന്നു ഡിജിപി വിശദീകരിച്ചു. കേസില്‍ ദിലീപിനു പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിനു കോടതി ആധാരമാക്കുന്ന വസ്തുതകള്‍ ഇവയായിരുന്നു.
കൊച്ചിയിലെ ഹോട്ടലില്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ദിലീപ് സുനില്‍കുമാറിനെ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കൃത്യം നടത്താന്‍ നിര്‍ദേശിച്ചു വന്‍തുക വാഗ്ദാനം ചെയ്തതു ഹോട്ടല്‍ മുറിയില്‍ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരില്‍ മുറി ബുക്ക് ചെയ്തതിനു ഹോട്ടല്‍ രേഖകളും അഞ്ചിടങ്ങളില്‍ പ്രതികള്‍ ഒന്നിച്ചെത്തിയതിനു മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും കോള്‍ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷകര്‍ തെളിവുകളും ശേഖരിച്ചു.
ന്മ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രില്‍ 20നു ദിലീപ് പരാതി നല്‍കിയതു തന്റെ പേരു സുനില്‍ വെളിപ്പെടുത്തുന്നതു മുന്‍കൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നുവെന്ന് അന്വേഷകര്‍ കരുതുന്നു. സുനില്‍കുമാര്‍ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തല്‍.
ന്മ ഗുഢാലോചനയെക്കുറിച്ചു സുനില്‍കുമാര്‍ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലില്‍ ഒളിച്ചുകടത്തിയ മൊബൈല്‍ വഴി സുനില്‍കുമാര്‍ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിന്‍ ബോക്‌സ് ലൈന്‍ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലര്‍ വഴി ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതായി രേഖകളില്‍ കാണാം. സുനില്‍കുമാര്‍ ജയിലില്‍ നിന്നു കത്തയച്ചതായും കാണുന്നു.
കുറ്റകൃത്യം നടത്തിയ ഉടന്‍ സുനില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൂട്ടാളികള്‍ക്കു കൈമാറാന്‍ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാന്‍ ലൈംഗികാതിക്രമ ക്വട്ടേഷന്‍ നല്‍കിയതു ക്രിമിനല്‍ നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി നടത്തിയത് ഗൗരവമേറിയ നിരീക്ഷണമാണ്.നടിയ്ക്ക് നേരെ നടന്ന ക്രൂരതയില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.സുനിയും ദിലീപും അഞ്ച് തവണ കണ്ടതായി ഹോട്ടല്‍ റൂമിലെ ദൃശ്യങ്ങളും മറ്റും തെളിയിക്കുന്നു.പോലീസിന്റെ തെളിവുകള്‍ വിശ്വസനീയമാണെന്നു കോടതി വിലയിരുത്തിയിരുന്നു. ഇതെല്ലാംപരിഗണിച്ച്
ഉന്നതനീതിപീഠത്തില്‍ നിന്നു അടുത്തവിമര്‍ശനം വിളിച്ചുവരുത്തേണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു ദിലീപും അടുപ്പക്കാരും.

LEAVE A REPLY

Please enter your comment!
Please enter your name here