തിരുവനന്തപുരം: അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍പെടുത്തി കന്യാസ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശ്രമം. 2015ല്‍ ഒരുകൂട്ടം കന്യാസ്ത്രീകള്‍ പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയെ സമീപിച്ചിരുന്നെങ്കിലും അധികൃതരോ സര്‍ക്കാരോ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല.

തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് പള്ളിയിലെ കന്യാസ്ത്രീകളാണ് 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന അവിവാഹിത പെന്‍ഷന്‍ തങ്ങള്‍ക്കും നല്‍്കണമെന്നാവശ്യപ്പെട്ട് 2015 സെപ്തംബര്‍ ഒന്നിന് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള അവിവാഹിതരായ 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയില്‍പെടുത്തി അനുവദിച്ചിരിക്കുന്നതാണ് ഈ പെന്‍ഷന്‍.

2017 ഫെബ്രുവരി 17ന് കൂടിയ കൗണ്‍സില്‍ തീരുമാനപ്രകാരം കന്യാസ്ത്രീകളുടെ അപേക്ഷയില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി വകുപ്പിന് നഗരസഭ സെക്രട്ടറി കത്തു നല്‍കി. മതപരമായ ആചാരത്തിന്റെ ഭാഗമായി വിവാഹം വേണ്ടെന്നുവച്ച് കോണ്‍വെന്റുകളിലും മറ്റ് അശ്രമങ്ങളിലും ജീവിക്കുന്നവരാണ് കന്യാസ്ത്രീകള്‍. കുടുംബജീവിതം നയിക്കാത്ത ഇവര്‍ പള്ളികളുടെ പൂര്‍ണസംരക്ഷയില്‍ കഴിയുന്നവരാണ്. അതിനാല്‍ ഇവര്‍ പെന്‍ഷന് അര്‍ഹരാണോ എന്ന് വ്യക്തമാക്കണമെന്ന് നഗരസഭ സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു.

സാമൂഹ്യനീതി വകുപ്പ് തദ്ദേശസ്വയംഭരണ(ഡിസി) വകുപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഈ അപേക്ഷ കൈമാറിയിരിക്കുകയാണ്. ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ട പെന്‍ഷനുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നയപരവും ഭരണപരവുമായ എല്ലാ അധികാരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ട്. അതിനാല്‍ ഉചിതമായ തീരുമാനമെടുക്കണമെന്നു കാട്ടിയാണ് 2017 മെയ് മൂന്നിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ കൈമാറിയത്. അപേക്ഷയില്‍ അനുകൂല തീരുമാനമെടുക്കാന്‍ തദ്ദേശസ്വയംഭരണ, ധനവകുപ്പുകളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here