ന്യൂഡല്‍ഹി: ഇന്ത്യയില്‍ കത്തിയെരിയുന്ന വിവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഒന്നും തന്നെ മോദി തരംഗം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍വേ. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ 349 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നും കോണ്‍ഗ്രസിന് 47 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക എന്നും സര്‍വേ വ്യക്തമാക്കുന്നു.
ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് ദ നാഷന്‍ എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പാകിസ്താനെതിരായ മിന്നലാക്രമണവും നോട്ട് നിരോധനവും മോദിയുടെ ധീരമായ തീരുമാനങ്ങളായി ഭൂരിഭാഗം ജനങ്ങളും കാണുന്നതായി സര്‍വേയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മോദിക്ക് പകരക്കാരനായി ഒരു നേതാവിനെ മുന്നോട്ടു വയ്ക്കാന്‍ സര്‍വേയില്‍ പങ്കെടുത്ത പലര്‍ക്കും സാധിച്ചില്ലെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് 60 ശതമാനം പേരും വിശ്വസിക്കുന്നു.
മോദിയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് 43 ശതമാനം പേര്‍ മികച്ചത് എന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനം ആളുകള്‍ വളരെ മികച്ചതെന്നും 23 ശതമാനം പേര്‍ ശരാശരിയെന്നും അഭിപ്രായപ്പെട്ടു. എട്ട് ശതമാനം പേര്‍ മോശമെന്ന് വിലയിരുത്തിയപ്പോള്‍ നാല് ശതമാനം പേര്‍ മാത്രമാണ് വളരെ മോശമെന്ന് വിലയിരുത്തിയത്.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കികാണുന്നു എന്ന ചോദ്യത്തിന് തീരുമാനമെടുക്കാന്‍ പേടിയില്ലാത്ത ആളാണെന്നായിരുന്നു 24 ശതമാനം പേര്‍ പറഞ്ഞത്. എന്നാല്‍ 23 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനം വാക്കുകളില്‍ മാത്രമാണെന്ന് വിലയിരുത്തി. നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായി ഭൂരിഭാഗം പേര്‍ ചൂണ്ടിക്കാണിച്ചത് കള്ളപ്പണത്തിനെതിരായ നടപടികളാണ്. 14 ശതമാനം പേര്‍ അഴിമതിരഹിത ഭരണമാണെന്നും സര്‍വേയില്‍ വിലയിരുത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here