ചെന്നൈ:തമിഴ് നടന്‍ വിജയ് യുടെ പുതിയ ചിത്രം മെര്‍സലിനെതിരെയുള്ള ബിജെപിയുടെ ഭീഷണി വിവാദം ചൂടുപിടിക്കുന്നതിനിടെ പാര്‍ട്ടി നേതാവ് മറ്റൊരു വിവാദത്തില്‍. മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റില്‍നിന്നാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ വിവാദം ശക്തമാകുന്നു.
ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ചിത്രം താന്‍ ഇന്റര്‍നെറ്റില്‍ കണ്ടെന്ന് തുറന്ന് പറഞ്ഞത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എച്ച് രാജ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ വ്യാജ പതിപ്പുകള്‍ കാണുന്നത് ബിജെപിക്ക് മാത്രം കുറ്റകരമല്ലേ എന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ ഉന്നയിക്കുന്നത്. ഭീഷണിപ്പെടുത്താന്‍ മാത്രമല്ല, രാജ്യത്തെ നിയമങ്ങള്‍ കൂടി ബിജെപി അനുസരിക്കേണ്ടതുണ്ടെന്നും സോഷ്യല്‍ മീ!ഡിയ പറയുന്നു.
വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. എന്നാല്‍, വാട്‌സാപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് രാജ സംഭവത്തില്‍നിന്നും തലയൂരി.
മോഡി സര്‍ക്കാരിനെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ചാണ് വിജയ് നായകനാകുന്ന മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ ഭീഷണിക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നത്.
അതേസമയം ബിജെപി വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കമുള്ളവര്‍ സിനിമക്കെതിരായ നീക്കങ്ങളെ അപലപിച്ചു. മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് വിവാദത്തിന് കാരണമയത്. സിംഗപൂരില്‍ ഏഴുശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്.

കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം ചിത്രത്തിന് പിന്തുണയുമായി നിരവധി പേരെത്തി.
ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി. ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരും രംഗത്തെത്തി. ചിത്രം തിയറ്ററില്‍ െചന്ന് കാണരുത് എന്നതടക്കമുള്ള സന്ദേശങ്ങള്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപണമുയര്‍ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here