പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഭരണഘടനപരമായ അധികാരപരിധി ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് അടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനപരമായ അധികാരപരിധിയുടെ വിഷയം ചൂണ്ടിക്കാട്ടി അകലം പാലിക്കുകയാണ് കമ്മിഷന്‍. എല്ലാ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ തുല്യ അവസരവും പ്രചാരണ സാഹചര്യവും വേണമെന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ ഭരണഘടന വിവേകത്തിന് അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ക്രമിനല്‍ കേസുകളില്‍ നിയമനടപടികളിലും കോടതി വ്യവഹാരങ്ങളിലും ഇടപെടില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇരുനൂറോളം പരാതികള്‍ ലഭിച്ചതില്‍ 169 എണ്ണത്തില്‍ നടപടിയെടുത്തു. കോണ്‍ഗ്രസ് 59 പരാതികളില്‍ 51 എണ്ണത്തിലും ബിജെപിയുടെ 51 പരാതികളില്‍ 38 എണ്ണത്തിലും നടപടിയെടുത്തു. ഏഴ് പാര്‍ട്ടികളുടെ 16 പ്രതിനിധി സംഘങ്ങള്‍ കമ്മിഷനെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ പൊതുവരെ തൃപ്തികരമായ നിലയാണുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത കര്‍ശന നടപടി. പരാതികളില്‍ പാര്‍ട്ടികളുടെയും നേതാക്കളുടെയും പദവിയും സ്വാധീനവും പരിഗണിക്കാതെ സുതാര്യമായാണ് തീരുമാനമെടുക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷന്‍ അംഗങ്ങളും എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് പരാതികള്‍ നിരീക്ഷിക്കുന്നതായും തരിഞ്ഞെടുപ്പ് കമ്മിഷന്‍ അറിയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here