ന്യൂഡല്‍ഹി: ബ്രഹ്മാണ്ഡചിത്രം പത്മാവതിയുടെ വരവിനായി ബോളിവുഡ് കാത്തിരിക്കുകയാണെങ്കിലും വിവാദങ്ങളില്‍പെട്ട് ഉഴലുകയാണ് സിനിമ. റിലീസ് മാറ്റിവയ്ക്കണമെന്ന ഗുജറാത്തിലെ ബിജെപി എംഎല്‍എയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയെങ്കിലും, സിനിമയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നും, കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്മയമാണെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു കഴിഞ്ഞു.

സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന പത്മാവതി 160കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. എന്നാല്‍ , പുറത്തിറങ്ങുംമുന്‍പേ വിവാദം റിലീസ്‌ചെയ്തു. കര്‍ണിസേന ഉള്‍പ്പെടെ വിവിധസംഘടനകള്‍ രംഗത്തെത്തി. റാണി പത്മാവതിയും, സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുംതമ്മില്‍ ബന്ധമുണ്ടെന്നാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നതെന്നും, ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെനും അവര്‍ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ്‌ചെയ്യരുതെന്ന ബിജെപി ആവശ്യം തിരഞ്ഞെടുപ്പ്കമ്മീഷന്‍ തള്ളി. ഇതിനുപിന്നാലെയാണ് ചരിത്രം വളച്ചൊടിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ഉമാഭാരതി എത്തിയത്. ഒരുപടികൂടി കടന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ആവിഷ്‌കാരസ്വാതന്ത്യം എന്തുകൊണ്ട് ഹിന്ദുസംസ്‌കാരത്തെമാത്രം ലക്ഷ്യമിടുന്നു എന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഒരുവശത്ത് വിവാദം കൊഴുക്കുമ്പോഴും മറുവശത്ത് അണിയറപ്രവര്‍ത്തകര്‍ ആഘോഷംആരംഭിച്ചുകഴിഞ്ഞു. മുംബൈയിലെ വസതിയില്‍ കഴിഞ്ഞദിവസം, നായിക ദീപികപദുകോണ്‍ വക വിളിച്ചുചേര്‍ത്ത ‘പത്മാവതിപാര്‍ട്ടി’യില്‍ ബോളിവുഡിലെ പ്രമുഖര്‍പങ്കെടുത്തു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കെടുത്തവര്‍തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here