ഹോ എന്തൊരു ക്ഷീണം, ഇന്ന് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടുന്നു എന്നൊക്കെ നമ്മളിൽ പലരും പല പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും. വിവിധ രോഗങ്ങൾക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്. കൂട്ടുകാരുമൊത്തോ അല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ഒരു ഔട്ടിങ് പ്ലാൻ ചെയ്തു കാത്തിരിക്കുമ്പോഴായിരിക്കും അവാനശ്യ ക്ഷീണം ഓടിയെത്തുക. ഒന്നുകിൽ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല. അറിയാതെ നമ്മൾ നമ്മളെ തന്നെ ശപിക്കുന്ന അവസ്ഥ. ഈ അവസ്ഥ ഇല്ലാതാക്കാൻ താഴെപ്പറയുന്ന രീതികൾ ഒന്നു പരീക്ഷിച്ചു നോക്കാം

1. വ്യായാമം ചെയ്യാം

ക്ഷീണിച്ചിരിക്കുമ്പോൾ നമുക്ക് ഒരിക്കലും വ്യായാമം ചെയ്യാൻ തോന്നുകയില്ല. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരിക്കും ചിന്ത. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് ശാരീരിക വ്യാമങ്ങൾ ചെയ്യുന്നതു നമ്മുടെ എനർജി ലെവൽ കൂടുമെന്നാണ്. അതി രാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിങ് എന്നിവ നമ്മുടെ എനർജി കൂട്ടുന്ന വ്യായാമങ്ങളാണ്.

2. ധാരാളം വെള്ളം കുടിക്കാം

കാറിനു പെട്രോൾ പോലെയാണ് ശരീരത്തിനു വെള്ളം. നിർജലീകരണം ഊർജസ്വലത നശിപ്പിക്കും. ശാരിരിക പ്രവർത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാൽത്തന്നെ എപ്പോഴും കർമനിരതരായിരിക്കാൻ ധാരാളം വെള്ളം കുടിച്ച് നിർജലീകരണം തടയുക.

3. സമയത്ത് ഉറങ്ങാം

ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങൾക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊർജസ്വലരാക്കുകയും ആ ദിവസം മുഴുവൻ കർമനിരതരാക്കുകയും ചെയ്യും.

4. അമിതവണ്ണം അകറ്റാം

ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാൻ ഉത്തമ മാർഗമാണ്. അമിതവണ്ണമുള്ളർ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങൾ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം.

5. അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം

ചില ആളുകൾ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും ഓർക്കേണ്ടത് ഒരു ദിവസത്തെ ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണെന്നതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനർജി ലെവൽ ക്രമീകരിക്കുന്നത് ബ്രേക്ഫാസ്റ്റ് ആണ്.

ഈ അഞ്ചു രീതികൾ ഒന്നു പിൻതുടർന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊർജസ്വലരായിരിക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here