modi-nawaz.jpg.image.784.410

ന്യൂഡൽഹി ∙ ഇന്ത്യയുടെയും പാക്കിസ്​ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന ചർച്ച അനിശ്ചിതത്വത്തിലായി.

കശ്മീരിലെ വിഘടനവാദികളായ ഹുറിയത് നേതാക്കളുമായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ചർച്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മുൻകാലങ്ങളിൽ എന്നപോലെ വിഘടനവാദികളുമായി ചർച്ച നടത്തുകതന്നെ ചെയ്യുമെന്നും ഇന്ത്യ മുൻകൂർ നിബന്ധനകൾ വയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക്കിസ്ഥാനും വ്യക്തമാക്കി. ചർച്ച റദ്ദാക്കിയതായി ഒൗദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ല. ഇന്ത്യയുടെ തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചയ്ക്കു സർതാജ് അസീസ് നാളെ രാവിലെയാണു വരാനിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനം പ്രമാണിച്ചു പാക്കിസ്ഥാൻ എംബസി അത്താഴവിരുന്നു നൽകും. ഹുറിയത് നേതാക്കളെയും വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.

*പാക്കിസ്ഥാന്റെ വ്യ​വസ്ഥ അസ്വീകാര്യം: ഇന്ത്യ *

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി തീവ്രവാദത്തെക്കുറിച്ചു മാത്രമേ ചർച്ചയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇക്കാര്യം ഇന്ത്യ മുമ്പേ തന്നെ പറഞ്ഞതാണ്. അതിൽ മാറ്റമില്ല. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന ചർച്ച അനിശ്ചിതത്വത്തിലായ പശ്‌ചാത്തലത്തിലാണ് രാജ്‌നാഥ് സിങ്ങിന്റെ വിശദീകരണം.. ഹുറിയത് നേതാക്കളുമായി ചർച്ച നടത്തിയാലേ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് തയാറുള്ളൂ എന്ന പുതിയ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇത് റഷ്യയിലെ ഉഫയിൽ രണ്ടു പ്രധാനമന്ത്രിമാരും കണ്ടപ്പോൾ തീരുമാനിച്ചതിൽ നിന്ന് പിന്നാക്കം പോകലാണ്. പുതിയ നിബന്ധനകൾ മുന്നോട്ടു വയ്ക്കുന്നതും തീരുമാനിച്ച കാര്യപരിപാടിയിൽ മാറ്റം വരുത്തുന്നതും അംഗീകരിക്കാൻ ഇന്ത്യ തയാറല്ല. തീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ നടപടിയിൽ അത്ഭുതമില്ലെന്ന് വികാസ് സ്വരൂപ് പറഞ്ഞു. കാരണം റഷ്യയിലെ തീരുമാനത്തിനു ശേഷം അതിനെതിരായ നീക്കങ്ങളാണ് പാക്കിസ്ഥാൻ തുടരെ നടത്തുന്നത്. അതിനു ശേഷം അതിർത്തിയിൽ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്നു. രണ്ടിടത്ത് തീവ്രവാദി ആക്രമണം നടത്തി. ഒരു തീവ്രവാദിയെ ഇന്ത്യ പിടികൂടുകയും ചെയ്തു.

റഷ്യയിൽ കൈക്കൊണ്ട തീരുമാനമനുസരിച്ച് ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ച നടത്താൻ ഇന്ത്യ നിർദേശം മുന്നോട്ടു വച്ചതിന് 22 ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാൻ മറുപടി നൽകിയതെന്ന് വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി. മാത്രമല്ല പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ ധാരണ പാടേ മാറ്റി വേറൊരു അജൻഡയാണ് പാക്കിസ്ഥാൻ മുന്നോട്ടു വച്ചത്. ഹുറിയത് നേതാക്കളുമായി ചർച്ച നടത്തരുതെന്ന് ഇന്ത്യ പറയേണ്ടെന്ന് പാക്കിസ്ഥാൻ വിദേശ കാര്യ മന്ത്രി അസീസ് അഹമ്മദ് ചൗധരി ഇസ്​ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ ടി.സി.എ രാഘവനെ അറിയിച്ചു. മുമ്പും ഇങ്ങനെ ചർച്ച നടത്തിയിട്ടുണ്ട്. ഇന്ത്യ ഒരു നിബന്ധനയും വയ്ക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി നവാസ് ഷരീഫ് പാക്കിസ്ഥാനിലെ സൈനിക മേധാവികളുമായി ചർച്ച നടത്തിയ ശേഷമാണ് ഈ നിലപാടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here