make-in-india.jpg.image.784.410

 

ന്യൂഡൽഹി ∙ കൊല്ലത്തെ ലോഹമണൽ (കരിമണൽ) നിക്ഷേപ മേഖല കേന്ദ്രസർക്കാരിന്റെ ‘മെയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായേക്കും. ചവറ തീരത്തു മൂല്യവർധിത ലോഹമണൽ വ്യവസായങ്ങൾ സ്‌ഥാപിക്കുന്നതിനു സംസ്‌ഥാനസർക്കാർ സമർപ്പിച്ച പദ്ധതിനിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണിത്. മണൽ ലഭ്യതയും പ്രാദേശിക സഹകരണവും ഉറപ്പുവരുത്താൻ സംസ്‌ഥാനം മുൻകയ്യെടുക്കേണ്ടിവരും.

നിലവിലുള്ള ഉൽപാദനശേഷി വർധിപ്പിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന നിർദേശമാണു സംസ്‌ഥാനം മുന്നോട്ടുവയ്‌ക്കുന്നത്. ഖനനം പൂർണമായി പൊതുമേഖലയിൽ നിലനിർത്തുകയും മൂല്യവർധിത ഉൽപന്ന നിർമാണത്തിനു സ്വകാര്യമേഖലയെ ആശ്രയിക്കുകയും ചെയ്യുന്നതിനോട് എതിർപ്പില്ലെന്നാണു സംസ്‌ഥാനത്തിന്റെ നിലപാട്. തൊഴിൽമന്ത്രി ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു നടത്തിയ ചർച്ചയാണു ‘മെയ്‌ക് ഇന്ത്യ’യിലേക്കു വാതിൽ തുറന്നത്. പ്രദേശവാസികളുടെ താൽപര്യവും നിലപാടുകളും വിലയിരുത്തിയശേഷമേ തുടർ നടപടികളുണ്ടാവൂ.

കേന്ദ്ര ആണവോർജ വകുപ്പു നടത്തിയ പഠനത്തിലെ നിഗമനങ്ങളും ചവറ ലോഹമണലിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നുണ്ട്. നിക്ഷേപത്തിൽ 60 ശതമാനത്തിലേറെയും ഇൽമനൈറ്റാണ് – എട്ടു കോടിയോളം ടൺ. വിപണിമൂല്യം 1.42 ലക്ഷം കോടി രൂപ. 76 ലക്ഷം ടൺ റൂട്ടൈൽ നിക്ഷപത്തിന് 1.12 ലക്ഷം കോടിയും 1.27 കോടി ടൺ സിർകോണിന് 1.80 ലക്ഷം കോടി രൂപയുമാണു മൂല്യം കണക്കാക്കുന്നത്. ചവറ തീരത്തുമാത്രം അപൂർവ ലോഹ, ധാതുക്കളുടെ ആകെ നിക്ഷേപം 4.52 ലക്ഷം കോടി രൂപയുടേതാണ്. ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡ് (ഐആർഇഎൽ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെഎംഎംഎൽ) എന്നീ സ്‌ഥാപനങ്ങൾക്കു കാര്യമായ ഉൽപാദനം നടത്താൻ ഇപ്പോൾ കഴിയുന്നില്ല. ഉൽപാദനം പ്രതിവർഷം അഞ്ചുലക്ഷം ടൺ ആക്കിയാൽ മൂല്യവർധിത വ്യവസായങ്ങൾക്കു സാധ്യത വർധിക്കും. ചവറയിലെ ഐആർഇ ഫാക്‌ടറിയുടെ ഇൽമനൈറ്റ് ഉൽപാദന ശേഷി രണ്ടുലക്ഷം ടണ്ണാണ്. യഥാർഥ ഉൽപാദനം ഇതിന്റെ 15–20% മാത്രമാണ്.

ലോഹമണൽ: തീരത്തെ നിധി

ലോഹമണൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതു കൊണ്ടു രാജ്യത്തിനുണ്ടാകാവുന്ന പ്രധാനനേട്ടങ്ങൾ:

‘ക്യു’ ഗ്രേഡ് ഇൽമനൈറ്റ്: ഏറ്റവും ഗുണമേന്മയുള്ള, ഉൽപാദനാവശിഷ്‌ടങ്ങൾ തീരെ കുറഞ്ഞ ‘ക്യു’ ഗ്രേഡ് ഇൽമനൈറ്റാണ് ചവറ തീരത്തുള്ളത്. ഇൽമനൈറ്റ് ഉൽപാദനം കൂട്ടുന്നതോടെ ടൈറ്റാനിയം ഡയോക്‌സൈഡ് ഇറക്കുമതി കുറയ്‌ക്കാം. ഉപോൽപന്നമായ അയൺ ഓക്‌സൈഡ് ഉരുക്കു വ്യവസായത്തിൽ പ്രയോജനപ്പെടുത്താം.

ടൈറ്റാനിയം ഡയോക്‌സൈഡ്: രാജ്യത്തു പ്രതിവർഷം വേണ്ടതു രണ്ടുലക്ഷം ടൺ ടൈറ്റാനിയം ഡയോക്‌സൈഡ്. ഉൽപാദനം 40,000 ടൺ മാത്രം. പെയിന്റ്, പ്ലാസ്‌റ്റിക്, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്‌റ്റൈൽസ് മേഖലകൾക്ക് ആവശ്യമുള്ള ഈ ഉൽപന്നം വേണ്ടത്ര തദ്ദേശീയമായി ലഭ്യമാക്കിയാൽ പ്രതിവർഷം 4,000 കോടി രൂപ ലാഭം.

ടൈറ്റാനിയം ലോഹം: അപൂർവ ലോഹമായ ടൈറ്റാനിയം, ‘ക്യു’ ഗ്രേഡ് ഇൽമനൈറ്റിൽനിന്ന് ഉൽപാദിപ്പിക്കാം. ഉരുക്കിനെക്കാൾ പതിന്മടങ്ങു കരുത്തനായ ടൈറ്റാനിയം ബഹിരാകാശ, വ്യോമയാന മേഖലകളിൽ ഏറ്റവും ആവശ്യമുള്ള വിഭവം. 50,000 ടൺ പ്രതിവർഷ ഉൽപാദനമുണ്ടാവണം.

ഖനനം തകർത്തത് സൂനാമി

ലോഹമണൽ ഖനനത്തിന് ആഘാതമായതു തീരദേശത്തു നാശം വിതച്ച സൂനാമി. ഇതിനുശേഷം കൊല്ലം തീരദേശത്തെ മണലിൽ ഖന ലോഹാംശം 54ൽ നിന്ന് 24 ശതമാനമായി. ഇതോടെ ഐആർഇക്കു കടൽത്തീരത്തെ മണലിനെ മാത്രം ആശ്രയിച്ചു നിലനിൽക്കാനാവില്ലെന്നുവന്നു.

സ്വന്തമായി ‘ലാൻഡ് ബാങ്ക്’ ഇല്ലാത്തതുകൊണ്ടു പ്രവർത്തനം മന്ദീഭവിച്ചു. ഭൂമി വേണ്ടത്ര ലഭ്യമല്ലാത്തതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. പാട്ടത്തിനു കിട്ടാത്തതുകൊണ്ടു ഭൂമി വാങ്ങേണ്ടിവരും. ജനസാന്ദ്രതയും ഭൂവിലയും കണക്കിലെടുക്കുമ്പോൾ പ്രാദേശിക സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക താൽപര്യങ്ങൾക്കു മുൻതൂക്കം നൽകുന്ന മാസ്‌റ്റർ പ്ലാൻ’ നിർണായകം.

LEAVE A REPLY

Please enter your comment!
Please enter your name here