Passport.jpg.image.784.410

മലപ്പുറം ∙ ഇന്ത്യൻ പാസ്പോർട്ടുകളിൽ ചിപ്പുകൾ സ്ഥാപിക്കാൻ വിദേശകാര്യമന്ത്രാലയത്തിനു പദ്ധതി. ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) മെമ്മറി ചിപ്പുകളാകും പാസ്പോർട്ടിന്റെ അവസാനപേജിൽ സൂക്ഷ്മമായി സ്ഥാപിക്കുക. അരിമണിയുടെ മാത്രം വലുപ്പമുള്ള ചിപ്പ് സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള വിശദമായ പഠനറിപ്പോർട്ട് മന്ത്രാലയം, സാങ്കേതികവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാസ്പോർട്ട് ഉടമയെ സംബന്ധിക്കുന്ന മുഴുവൻവിവരങ്ങളും ചിപ്പിലുണ്ടാകും. ഫോട്ടോ, വിരലടയാളം, മേൽവിലാസം തുടങ്ങി ചിപ്പിൽ ശേഖരിക്കുന്ന ഏതു വിവരവും പ്രത്യേക സെൻസറിലൂടെയേ അറിയാൻകഴിയൂ. ആർഎഫ്ഐഡി പാസ്പോർട്ടുകൾ വന്നാൽ വിമാനത്താവളങ്ങളിലെ പരിശോധനയും മറ്റും പൂർണമായും യന്ത്രസഹായത്തോടെ നടപ്പാക്കുന്ന നിലയിലെത്തും. നിലവിൽ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പാസ്പോർട്ടുകളിൽ ആർഎഫ്ഐഡി മെമ്മറി ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. നീക്കങ്ങൾ നിരീക്ഷിക്കാനും പലമേഖലകളിലും ആർഎഫ്ഐഡി ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

പാസ്പോർട് ഓഫിസർമാർക്ക് ഇനി ഫെയ്സ്ബുക്, ട്വിറ്റർ

പുതിയകാലത്തിനു യോജിക്കുന്ന രീതിയിൽ പരാതികൾ സ്വീകരിക്കാൻ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ മേഖലാ പാസ്പോർട്ട് ഓഫിസർമാരോടു വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ ലഭിക്കുന്ന പരാതികൾ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എം–പാസ്പോർട്ട് സേവ’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചു സ്മാർട് ഫോണിലൂടെയും ടാബുകളിലൂടെയും അപേക്ഷ സമർപ്പിക്കുന്നതിനു സൗകര്യം ഒരുക്കിക്കാനും തീരുമാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here