ന്യൂഡൽഹി:പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 170 കവിഞ്ഞു. അയൽ രാജ്യങ്ങൾക്കു പുറമെ ജമ്മു കശ്മീർ, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കഠ്മണ്ഡു ഉൾപ്പടെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായി.മധ്യ അഫ്ഗാനിസ്ഥാന്റെയും വടക്കൻ പാക്കിസ്ഥാന്റെയും ഇടയിലുള്ള ഹിന്ദുകുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ ഏഴിനു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളിൽ അഞ്ചു സെക്കൻഡ് ഭൂചലനം നീണ്ടുനിന്നു. ഈ മേഖലകളിൽ 7.7 തീവ്രതയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ജയ്പൂർ, ഷിംല, ശ്രീനഗർ, ചണ്ഡീഗഡ്, ഭോപ്പാൽ എന്നിവടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, ഭൂചലനത്തിനിടെ ഹൃദയാഘാതം മൂലം രണ്ടു സ്ത്രീകൾ മരിച്ചു. ഒരു യുവാവും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ കലൂരിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി.

പാക്കിസ്ഥാനിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 139 പേർ കൊല്ലപ്പെട്ടതായി പാക്ക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്യുന്നു.പാക്കിസ്ഥാനിൽ നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. അനേകം കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഭൂചലനമുണ്ടായപ്പോൾ സ്കൂളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 12 വിദ്യാർഥിനികൾ മരിച്ചു. ഭൂചലനത്തിൽ 33 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതേസമയം, കാബൂളിലുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും അവരുടെ താമസസ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here