ന്യൂഡല്‍ഹി: ലജ്ജ കൊണ്ട് തലകുനിക്കാന്‍ നിര്‍ബന്ധിതനാണെന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുന്‍ നേവി ചീഫ് അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസിന്റെ കത്ത്. മോദി ഗവണ്‍മെന്റിന്റെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ തന്നെ ലജ്ജിപ്പിക്കുന്നെന്ന് രാംദാസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കയച്ച തുറന്ന കത്തില്‍ പറഞ്ഞു.

അസാധാരണമായ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതാണ് താന്‍ അറിയുകയും അനുഭവിക്കുകയും ചെയ്ത ഹിന്ദുത്വം. സ്‌നേഹത്തിന്റെ മൂല്യവും ബഹുമാനവും ഹിന്ദുത്വം അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു. അന്നത്തെ ഹിന്ദുത്വം അക്രമത്തിനും അടിച്ചമര്‍ത്തലിനും എതിരായിരുന്നു. എന്നാല്‍, ഇന്ന് തന്റെ എണ്‍പതാമത്തെ വയസില്‍ ലജ്ജ കൊണ്ട് തലകുനിക്കാന്‍ നിര്‍ബന്ധിതനാകുകയാണ്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങള്‍ക്ക് താന്‍ സാക്ഷിയാവുകയാണ്. രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങള്‍ അതി ദാരുണമാണ്. അവരുടെ ഭക്ഷണകാര്യങ്ങളിലുള്ള കടന്നുകയറ്റം അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രഹിന്ദുത്വ വിഭാഗമായ ആര്‍.എസ്.എസാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എമാര്‍, എം.പിമാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ഇത്തരം അജണ്ട നടപ്പാക്കാന്‍ സാഹചര്യമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു.

മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ആദിവാസികള്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ നടത്തുന്നതില്‍ ഉയര്‍ന്ന നേതൃത്വത്തിനും പങ്കുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നില്ല. രാജ്യത്ത് ഭരണഘടനപ്രകാരമുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിയും പ്രധാനമന്ത്രിയും വഴിയൊരുക്കണമെന്നും രാംദാസ് കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here