ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭാരത്‌നമായ കാലം ചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ‘സ്മരണയുടെ സ്‌നേഹതീരങ്ങളില്‍’ എന്ന പുസ്തകം ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു.
ഹൂസ്റ്റണില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ജൂണ്‍ 25ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് വികാരി റവ.മാത്യൂസ് ഫിലിപ്പിന് ആദ്യ പ്രതി നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.

അഭിവന്ദ്യ തിരുമേനിയെകുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ജീവിതത്തില്‍ എക്കാലവും കാത്തുസൂക്ഷിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന തിരുമേനിയുടെ സഹോദരപുത്രനും ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകാംഗവുമായ ജയ്‌സണ്‍ പി ചെറിയാന്‍ അദ്ദേഹത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിയ്ക്കുന്ന ഗുരുദക്ഷിണയാണ് ഈ ഗ്രന്ഥം.

പുസ്ത വില്‍പ്പനയില്‍ കൂടി ലഭിയ്ക്കുന്ന വരുമാനം ഓസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച പുതുപ്പാടി സെന്റ് പോള്‍സ് ബാലഭവനിലെ കുട്ടികള്‍ക്കു വേണ്ടിയാണ് ജയ്‌സണ്‍ പറഞ്ഞു.
പ്രമുഖ ദൈവശാസ്ത്രചിന്തകനും, പാവപ്പെട്ടവരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പക്ഷത്തുനിന്ന് എക്കാലവും പോരാടിയ, എക്യൂമെനിക്കല്‍ ചിന്തകളുടെ കരുത്തുറ്റ വക്താവുമായിരുന്ന ഇടയശ്രേഷ്ഠനെപ്പറ്റി ലോകമെങ്ങും ശ്രദ്ധിയ്ക്കപ്പെട്ടിരുന്ന തിരുമേനിയെപ്പറ്റി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച ജയ്‌സണ്‍ ചെറിയാന് മാത്യൂസ് ഫിലിപ്പ് അച്ചന്‍ ഇടവകയുടെ ആശംസകള്‍ നേര്‍ന്നു.

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പായുടെ ആശംസയും, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തേക്കിന്‍കാട് ജോസഫിന്റെ അവതാരികയും തോമസ് നീലാര്‍മഠത്തിന്റെ എഡിറ്റിംഗും പുസ്തകത്തെ ഈടുറ്റതാക്കുന്നു.

ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍, മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി, മറ്റു കുടുംബാംഗങ്ങളുടെ ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാന്നി വടക്കത്തറ കുടുംബത്തില്‍ പരേതരായ വി.സി.ചെറിയാന്റെയും, കുഞ്ഞമ്മ ചെറിയാന്റെയും മകനായ ജയ്‌സണ്‍ ടെക്‌സാസ് ഹൂസ്റ്റണില്‍ ഹാരിസ് ഹെല്‍ത്ത് സിസ്റ്റം ഫാര്‍മസി വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

ഭാര്യ: ലിസി, മക്കള്‍ ജയ്സ്ലി, ജസ്‌ന, ജാന്‍സി എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.

Photo2 photo4 photo5

 

LEAVE A REPLY

Please enter your comment!
Please enter your name here