കൊച്ചി: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ജോലി നഷ്ടമാവുകയോ ശമ്പളത്തില്‍ കാര്യമായ കുറവു വരികയോ ചെയ്ത ഏതാനും ഗള്‍ഫ് മലയാളികള്‍ സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പുനരധിവാസ പദ്ധതികള്‍ക്ക് കാത്തിരിക്കാതെ സംഘടിച്ച് സംസ്ഥാനത്തുടനീളം മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖലയ്ക്ക് തുടക്കമിട്ടു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ബഹ്റിന്‍ മുതല്‍ യുഎഇവരെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മുപ്പത് ഗള്‍ഫ് മലയാളികളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് പ്രതിസന്ധിയെ അവസരമാക്കിയിരിക്കുന്നത്. ദില്‍മാര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന ഇവരുടെ സംരംഭം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമണ്‍, കൊല്ലം കുണ്ടറ, തിരുവനന്തപുരം വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു.
മൂന്നു മാസത്തിനകം 15 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടര്‍മാരായ സിറില്‍ ആന്റണിയും അനില്‍ കെ പ്രസാദും പറഞ്ഞു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യം. www.dilmart.in എന്ന ഇ-കോമേഴ്സ് സൈറ്റിലൂടെ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്.


കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ വിവിധ ചുമതലകളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. സമുദ്രവിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് കൊച്ചി ആസ്ഥാനമാക്കിയതെന്ന് മാര്‍ക്കറ്റിംഗ്, പര്‍ച്ചേസ് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡയറക്ടര്‍ കൂടിയായ സിറില്‍ ആന്റണി പറഞ്ഞു. വരാപ്പുഴയില്‍ കേന്ദ്രീകൃത വെയര്‍ഹൗസും തുറന്നിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് നാല് റീഫര്‍ വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് ഉല്‍പ്പന്നമെത്തിയ്ക്കാന്‍ മുനമ്പം, വൈപ്പിന്‍, തോപ്പുംപടി, നീണ്ടകര, വിഴിഞ്ഞം, പുതിയാപ്പ എന്നീ ഫിഷിംഗ് ഹാര്‍ബറുകളിലെ മീന്‍പിടുത്തക്കാരുമായി കരാറായിക്കഴിഞ്ഞു. ഇതിനു പുറമെ എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളില്‍ കൂട്കൃഷിയായി വളര്‍ത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ 30 ഓഹരിയുടമകളും മുന്‍പിന്‍ മറന്ന് ജോലി ചെയ്യുന്ന മാതൃകയാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് അഡ്മിന്‍, ഓപ്പറേഷന്‍സ് ചുമതല വഹിക്കുന്ന അനില്‍ കെ പ്രസാദ് പറഞ്ഞു. ഗള്‍ഫിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തിലുണ്ട്. അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികള്‍ തന്നെയാണ് ഓരോരുത്തരും ദില്‍മാര്‍ട്ടിലും ഏറ്റെടുത്ത് ചെയ്യുന്നത്. ഉദാഹരണത്തിന് ഖത്തര്‍, ബഹ്‌റിന്‍, യുഎഇ എന്നിവിടങ്ങളില്‍ ട്രാന്‍സ്പോര്‍ടിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് ദില്‍മാര്‍ട്ടിന്റെ ട്രാന്‍സ്പോര്‍ടിംഗ് ചുമതലകള്‍ വഹിക്കുന്നത്. അതേ സമയം ബഹ്‌റിനില്‍ ഹോട്ടല്‍ ഷെഫുമാരായിരുന്ന മൂന്നു പേരുടെ നേതൃത്വത്തില്‍ റെഡി-റ്റു-കുക്ക് വിഭവങ്ങളും അച്ചാറുകളും ഒരുങ്ങുന്നു. ഇവ ഒരു മാസത്തിനകം ദില്‍മാര്‍ട്ടുകളിലൂടെ വില്‍പ്പനയ്ക്കെത്തും.

500 മുതല്‍ 1000 ച അടി വരെയുള്ള സ്റ്റോറുകളാണ് ദില്‍മാര്‍ട്ട് തുറക്കുന്നത്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറില്‍ ജോലി ചെയ്യും. അതിനു പുറമെ ഡെലിവറി, ക്ലീനിംഗ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേര്‍ക്കു കൂടി ഒരു സ്റ്റോറില്‍ ജോലി നല്‍കുന്നു. ഓഹരിയുടമയ്ക്കും ജോലി ചെയ്യുന്നതിന് മാസശമ്പളമുണ്ട്. ഓരോ സ്റ്റോറില്‍ നിന്നും പ്രതിദിനം ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും പരസ്പരം മുന്‍പരിചയമില്ല. എന്നാല്‍ സമാന ജീവിതസാഹചര്യങ്ങളും വെല്ലുവിളികളുമാണ് ഇവരെ ഒരുമിപ്പിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ദില്‍മാര്‍ട്ടിന്റെ സംഘാടനത്തിനു മുന്നോടിയായി എല്ലാവരും പരിചയപ്പെട്ടത്. ദുബായില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്തിരുന്ന സിറില്‍ ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 30 പേരില്‍ 8 പേര്‍ ഇപ്പോഴും ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള 22 പേര്‍ രണ്ടു മാസത്തിലൊരിയ്ക്കലെങ്കിലും വരാപ്പുഴയിലെ ആസ്ഥനത്ത് ഒത്തുകൂടും.

തുടക്കത്തില്‍ സമുദ്രവിഭവങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ദില്‍മാര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ കറിമസാലകള്‍, പച്ചക്കറികള്‍, ഫ്രൂട്സ് എന്നിവ കൂടി ഉള്‍പ്പെടുത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here