ജീവിതത്തില്‍ തലവേദന അനുഭവിച്ചിട്ടില്ലാത്തവരില്ല. കൊച്ചു കുട്ടികള്‍ മുതല്‍ ഏതുപ്രായക്കാരിലും തലവേദന ഉണ്ടാകാം. അതിനു പ്രത്യേക കാലാവസ്ഥയോ സമയമോ വേണമെന്നില്ല. എന്നാല്‍ സാധാരണയുണ്ടാകുന്ന ചെറിയ തലവേദനയ്ക്ക് വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതേ സമയം പനി മുതലായ നിസാര രോഗങ്ങളില്‍ തുടങ്ങി, കാന്‍സര്‍ വരെ തലവേദനയ്ക്കു കാരണമാകുന്നുണ്ട്.

തലവേദന പലതരം


തലവേദനയ്ക്ക് കാരണങ്ങള്‍ പലതായതുപോലെ തലവേദന അനുഭവപ്പെടുന്ന രീതിയിലുമുണ്ട് വ്യത്യാസം. തലയുടെ കൃത്യമായ ഏതെങ്കിലും ഒരു ഭാഗത്തല്ല തലവേദന ഉണ്ടാകുന്നത്. പലരിലും തലയുടെ പല ഭാഗങ്ങളിലായാവും വേദന അനുഭവപ്പെടുന്നത്. അതിന്റെ തീവ്രതയും വ്യത്യാസപ്പെട്ടിരിക്കും. തല മുഴുവനായും വ്യത്യസ്ത ഭാഗങ്ങളിലായും വേദന അനുഭവപ്പെടാം. തീരെ ചെറിയ വേദന മുതല്‍ അസഹ്യമായ വേദന വരെ ഇങ്ങനെ ഉണ്ടാകാം.

അസ്വസ്ഥതകള്‍


തലയ്ക്കാണ് വേദന അനുഭവപ്പെടുന്നതെങ്കിലും തലവേദനയുടെ അസ്വസ്ഥതകള്‍ ശരീരത്തില്‍ മുഴുവന്‍ അനുഭവപ്പെടും. അതുകൊണ്ടാണ് നിത്യജീവിതത്തെയും ചെയ്യുന്ന ജോലിയേയും തലവേദന സാരമായി ബാധിക്കുന്നത്. ചിലര്‍ക്കു തലവേദനയോടൊപ്പം മനംപിരട്ടലും ഛര്‍ദിയും ക്ഷീണവും ഉണ്ടാകാം.
ചിലര്‍ക്ക് എല്ലാദിവസവും ഒരേസമയം തലവേദന ഉണ്ടാകാം. മറ്റുചിലര്‍ക്ക് ആഴ്ചയില്‍ ഒന്നോ മാസത്തില്‍ ഒന്നോം ആകാം. തലവേദന ചിലപ്പോള്‍ രോഗിയുടെ മാനസികനില തന്നെ തെറ്റിച്ചേക്കാം. ചുറ്റുമുള്ള വളരെ ചെറിയ ബുദ്ധിമുട്ടുകള്‍ വരെ തലവേദനയുള്ളയാളെ അസ്വസ്ഥമാക്കാനിടയുണ്ട്. ശബ്ദം, വെളിച്ചം ഇവയൊക്കെ അരോചകമായി തോന്നിയേക്കാം.

കാരണങ്ങള്‍ പലത്


കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് തലവേദനയ്ക്കുള്ള ഒരു പ്രാധാനകാരണം. ചെവി, മൂക്ക് തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളവരിലും തലവേദന ഉണ്ടാകുന്നു. ചിലരില്‍ സൈനസൈറ്റിസ് മൂലം തലവേദന ഉണ്ടാകുന്നു.

 

നെറ്റിയിലും മൂക്കിന്റെ ഇരുവശങ്ങളിലും കാണുന്ന സൈനസുകളില്‍ കഫം അഥവാ പഴുപ്പ് അടിഞ്ഞിട്ട് ഉണ്ടാകുന്ന അസുഖമാണു. അലര്‍ജിയാണു തലവേദനയുടെ മറ്റൊരു കാരണം. പൊടി മൂലമുള്ള അലര്‍ജി, രൂക്ഷ ഗന്ധങ്ങള്‍ മൂലം ഉണ്ടാകുന്ന അലര്‍ജി ഇവയൊക്കെ നിനച്ചിരിക്കാതെയുണ്ടാകുന്ന തലവേദനയ്ക്ക് കാരണങ്ങളാണ്. ഇവ കൂടാതെ, ഉയര്‍ന്ന രക്തസമ്മര്‍ദം, താഴ്ന്ന രക്തസമ്മര്‍ദം, വിളര്‍ച്ച, മാനസിക സമ്മര്‍ദം, അമിത ജോലിഭാരം ഇവയൊക്കെ തലവേദനയ്ക്കു കാരണങ്ങളാണ്.

 

മൈഗ്രയ്ന്‍ എന്ന വില്ലന്‍


തലവേദനയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ചികിത്സിക്കേണ്ടി വരുന്നതും മൈഗ്രയ്ന്‍ എന്നറിയപ്പെടുന്ന തരം തലവേദനയാണ്. തലയുടെ ഏതെങ്കിലും ഒരു വശത്താണ് ഇത്തരം തലവേദന അനുഭവപ്പെടുന്നത്. ഞരമ്പുസംബന്ധമായും വയറ്റിലെ അസ്വസ്ഥതകളുമായി ബന്ധപ്പെട്ടതുമായി മൈഗ്രയ്ന്‍ ഉണ്ടാകും. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇതു കൂടുതല്‍ കാണപ്പെടുന്നത്.

 

പ്രായപൂര്‍ത്തിയാകുന്നതോടെയാണു മൈഗ്രയ്‌ന്റെ തുടക്കം. മൈഗ്രയ്ന്‍ ഉള്ള സ്ത്രീകളില്‍ വിളര്‍ച്ചയും മാസമുറയിലെ വ്യതിയാനങ്ങളും കാണപ്പെടുന്നു. വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി തുടങ്ങിയ അസുഖങ്ങളും ഈ തരം തലവേദനയോടൊപ്പം ഉണ്ടാകാം. തീഷ്ണമായ ഗന്ധങ്ങള്‍, ആവശ്യത്തിന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ, ഭക്ഷണസമയത്തിലുള്ള വ്യതിയാനങ്ങള്‍, ശബ്ദം, വെളിച്ചം, മാനസിക സമ്മര്‍ദം ഇവയൊക്കെ മൈഗ്രയ്ന്‍ അധികരിക്കാന്‍ കാരണമാകുന്നു.

പരിശോധനയും ചികിത്സയും


പലപ്പോഴും തലവേദനയ്ക്കു കാരണമായ അസുഖങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതോടെ മിക്കവാറും തലവേദനകള്‍ സുഖപ്പെടും. അല്ലാത്ത തലവേദനകള്‍ രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുന്നതോടെ ഭേദപ്പെടുത്താം. സ്ഥിരമായി തലവേദന വരുന്നവര്‍, ഒരു ഡോക്ടറെ കണ്ടു വിദഗ്ധമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. പരിശോധന വഴി മറ്റു പല അസുഖങ്ങളും കണ്ടുപിടിക്കുവാനും പെട്ടെന്നു തന്നെ ചികിത്സിച്ചു ഭേദപ്പെടുത്തുവാനും കഴിയും.

ഏതുതരം തലവേദന ആയാലും ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ എല്ലാ പ്രത്യേകതകളേയും വിശലകനം ചെയ്തതിനു ശേഷമാണ് ഒരു ഹോമിയോപ്പതി ഡോക്ടര്‍ മരുന്നു നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്കു കൊടുക്കുന്ന മരുന്ന് മറ്റൊരു രോഗിക്കു ഫലപ്രദമാവില്ല.

മരുന്നും ജീവിത രീതിയും


മരുന്നു പോലെ തന്നെ പ്രാധാന്യമുള്ളതാണു ജീവിതരീതയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍. ചിട്ടയായ വ്യായാമം, ശരിയായ സമയത്തുള്ള റിലാക്‌സേഷന്‍ മാര്‍ഗങ്ങള്‍, സംഗീതം ഇവയൊക്കെ തലവേദന കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണ്.

ചോക്‌ളേറ്റുകള്‍, ബിയര്‍, റെഡ് വൈന്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍, കാപ്പിയുടെ അമിത ഉപയോഗം, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന അജിനോമോട്ടോ, സ്‌പൈസി ഫുഡുകള്‍, പെര്‍ഫ്യൂമേഴ്‌സ് ഇവയൊക്കെ തലവേദന ഉണ്ടാക്കുന്നവയും തലവേദനയെ അധികരിപ്പിക്കാനും കാരണമായവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here