അബൂദബി: യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച നേരിയ തോതിൽ മഴ ലഭിച്ചു. അബൂദബി, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. അതിനിടെ ചൊവ്വാഴ്ചവരെ യു.എ.ഇയിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെല്ലാം ഞായറാഴ്ച മുതൽ മഴ ലഭിച്ചേക്കും. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ മേഖലയിലും തീരമേഖലയിലും പടിഞ്ഞാറൻ മേഖലയിലും ഞായറാഴ്ച മഴ ലഭിക്കുമെന്നാണ് പ്രവചനം.
പകൽസമയങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അന്തരീക്ഷം മൂടിക്കെട്ടി നിൽക്കുന്നതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴയും മഞ്ഞും ശക്തമായാൽ ദൂരക്കാഴ്ച കുറയുമെന്നും ഇതിനാൽ ജാഗ്രതപാലിക്കണമെന്നും ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അബൂദബി പൊലീസ് ഓർമിപ്പിച്ചു.