ഇടുക്കി: കനത്ത മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ മുല്ലപ്പെരിയാ‌ർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 137.70 അടിയായതോടെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നത്. നേരത്തെ തുറന്ന ഷട്ടറുകൾക്ക് പുറമേയാണിത്. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി.

സംസ്ഥാനത്ത് പുഴകളിലെ നീരൊഴുക്ക് കൂടിയതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളും തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും, തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നപ്പോൾ നേരത്തെ തുറന്ന പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും ചെയ്തു. കരുതലോടെയാണ് ഇത്തവണ അണക്കെട്ടുകൾ തുറന്നത് എന്നതിനാൽ പ്രളയഭീതിയുടെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടായത് തെല്ലൊരീശ്വാസം നൽകിയിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോടുവരെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും അലർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും യെല്ലോ അലേർട്ട് മാത്രമാണുള്ളത്. വിവിധ ജില്ലകളിലായി ഏഴായിരത്തോളംപേർ 221 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്.

നേരത്തെ ജലനിരപ്പ് 137.45 അടിയെത്തിയപ്പോഴാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമായിരുന്നു പുറത്തേക്കൊഴുക്കിയത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളവും പുറത്തേക്ക് ഒഴുക്കി. എൻ ഡി ആർ എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എം എൽ എയും അടക്കമുള്ളവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി. എന്നാൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ നേരത്തെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 10 അടി വെള്ളം കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here