പി പി ചെറിയാന്‍

ഡാളസ്: അമുസ്ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി. ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി പ്രഖ്യാപിച്ചത്. ക്യാപിറ്റല്‍ മര്‍ഡറിന് വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷന്‍ ഇനിയുള്ള ജീവിതം പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയില്‍ വാദിച്ചത് ജൂറി പരിഗണിച്ചില്ല. 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം. ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസര്‍ സെയ്ദ ടാക്‌സി കാറില്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടികലെ പുറത്തേക്കു കൊണ്ടുപോയത്. ഇര്‍വിങ്ങിന് സമീപമുള്ള ഒരു ഹോട്ടലിനു മുന്‍വശത്തുള്ള പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും (18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തിഎന്നാണ് കേസ്.

ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിലായിരുന്നു. കുട്ടികളുടെ മാതാവ് സാക്ഷി വിസ്താരത്തിനിടയില്‍ നടത്തിയ പ്രസ്താവന കേസില്‍ സുപ്രധാന വഴി തിരിവായിരുന്നു. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. കൊല നടത്തി രക്ഷപെട്ട ഇയ്യാള്‍ 12 വര്‍ഷത്തിനു ശേഷമാണ് പോലീസ് പിടിയിലായത്

1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള പാട്രിഷ്യയെ 29 വയസ്സുള്ള യാസര്‍ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ അമീന, സാറ, ഇസ്ലാം എന്നീ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയാതായും ഭാര്യ കോടതിയില്‍ പറഞ്ഞു. യുവാക്കളുമായുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

മക്കളെ നിങ്ങള്‍ കൊലപ്പെടുത്തിയോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ‘ഇല്ല വാസ്തവമായി ഞാനല്ല’ എന്നാണ് ദ്വിഭാഷി മൂലം സൈദ് കോടതിയില്‍ പറഞ്ഞതു. കൊല നടത്തിയത് മക്കളുടെ ആണ്‍സുഹ്ര്ത്തുക്കളോ ,അവരുമായി ബന്ധപെട്ടവരോ ആയിരിക്കമെന്നും ഡിഫെന്‍സിവ് അറ്റോര്‍ണി പറഞ്ഞു.കേസില്‍ പ്രതിചേര്‍ക്കും എന്നു ഭയന്നാണ് ഒളിച്ചു കഴിഞ്ഞതെന്നും അറ്റോര്‍ണി ചൂണ്ടി കാട്ടി.

അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ സൈദും ഉള്‍പ്പെട്ടിരുന്നു.ഈജിപ്തില്‍ ജനിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ എത്തിയ സായിദ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചുവെന്നാണ് ഭാര്യ പട്രീഷ്യയുടെ പ്രതികരണം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡിഫെന്‍സിവ് അറ്റോര്‍ണി അറിയിച്ചു .

 

LEAVE A REPLY

Please enter your comment!
Please enter your name here