തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ് ഏറ്റവും മികച്ച താരം എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായതിനു പിന്നാലെയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തുണച്ച് കോലി രംഗത്തുവന്നത്. താനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളില്‍ താങ്കള്‍ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ലെന്നും കോലി കുറിച്ചു.
‘ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും താങ്കള്‍ നല്‍കിയതിനെ തിരികെയെടുക്കാന്‍ ഒരു ട്രോഫിക്കും കഴിയില്ല. ഞാനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളില്‍ താങ്കള്‍ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ല. അത് ദൈവത്തില്‍ നിന്നുള്ള വരദാനമാണ്. എപ്പോഴും ഹൃദയം കൊണ്ട് കളിക്കുന്ന, കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഏത് കായികതാരത്തിനും പ്രചോദനമായ ഒരാള്‍ക്കുള്ള അനുഗ്രഹമാണത്. എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം.”- കോലി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോള്‍ മുതല്‍ ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.