ആഷാ മാത്യു

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള നഴ്സിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍ എന്‍ ഫോഴ്സിന്റെ ഉടമ വിജയ് നായര്‍. അമേരിക്കയിലെ ആരോഗ്യ രംഗത്ത് മികവ് തെളിയിച്ചവരെയാണ് ലോസ് ആഞ്ചലസില്‍ നടന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കും നൂതന ചികിത്സാ രീതികള്‍ക്കുമായി നിരവധി പ്രതിഭകള്‍ ആദരിക്കപ്പെട്ടു.

സംഗീത സംവിധായകന്‍ ഔസേപ്പച്ചനൊരുക്കിയ ഗാനവിരുന്ന് പുരസ്‌കാര നിറവിന് മാറ്റുകൂട്ടി. സംവിധായകന്‍ സിദ്ദിഖ്, നടി ഗീത എന്നിവര്‍ പുരസ്‌കാര ചടങ്ങിന്റെ ഭാഗമായി. ഫ്രാങ്കോയുടെ ഗാനമേളയോടു കൂടിയാണ് ചടങ്ങ് അവസാനിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ നേതൃത്വത്തില്‍ ലോസ് ആഞ്ചലസില്‍ സംഘടിപ്പിച്ച പ്രോഗ്രാം വന്‍ വിജയമായിരുന്നുവെന്ന് ആര്‍എന്‍ ഫോഴ്സ് ഉടമ വിജയ് നായര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയിലുള്ള അംഗീകാരങ്ങളാണ് പ്രോഗ്രാമിലൂടെ നടന്നത്. ഇങ്ങനെയൊരു പരിപാടിയെ പിന്തുണക്കുകയെന്നത് അമേരിക്കയിലെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും വിജയ് നായര്‍ പറഞ്ഞു. നഴ്സിംഗ് കണ്‍സള്‍ട്ടന്‍സിയായ ആര്‍എന്‍ ഫോഴ്സിന്റെ പ്രവര്‍ത്തന മികവിനാണ് വിജയ് നായര്‍ പുരസ്‌കാരത്തിനര്‍ഹനായത്.

അമേരിക്കയില്‍ ജോലി സ്വപ്നം കാണുന്ന നഴ്സുമാര്‍ക്ക് അവിടേക്കുള്ള പ്രവേശനത്തിന്റെ ചവിട്ടുപടിയാണ് ആര്‍എന്‍ ഫോഴ്സ്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അമേരിക്കയിലേക്ക് കടന്നു വരാന്‍ കടമ്പകളേറെയുണ്ട്. എംപ്ലോയ്മെന്റ് വിഭാഗത്തില്‍ (ഇ.ബി.-3, H1B, TN Visa) ഗ്രീന്‍കാര്‍ഡിനു അപേക്ഷിക്കാനുള്ള അനുമതി ലഭിക്കാനുള്ള ആദ്യപടി NCLEX എന്ന എന്‍ക്ലെക്സ് പ്രവേശന പരീക്ഷ പാസാകുകയാണ്. ഈ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഏറ്റെടുത്ത് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നസാഫല്യത്തിന് തുണയാകുന്ന സ്ഥാപനമാണ് യഥാര്‍ത്ഥത്തില്‍ ആര്‍എന്‍ ഫോഴ്സ്. പേപ്പര്‍ വര്‍ക്കുകളോ, അതുമായി ബന്ധപ്പെട്ട നൂലാമാലകളോ ഒന്നും തന്നെ ഉദ്യോഗാര്‍ത്ഥികളെ കുഴക്കാതിരിക്കാന്‍ സ്ഥാപനം ശ്രദ്ധ വെക്കുന്നു.

ബി.എസ്.സി നഴ്സിംഗോ, നഴ്സിംഗ് ഡിപ്ലോമയോ ഉള്ളവര്‍ക്ക് എന്‍ക്ലെക്സ് പരീക്ഷ പാസായിക്കഴിഞ്ഞാല്‍ ഗ്രീന്‍കാര്‍ഡിനു അപേക്ഷിക്കാം. ആരോഗ്യമേഖലയിലുള്ളവര്‍ക്ക് എംപ്ലോയ്മെന്റ് വിഭാഗത്തില്‍ (ഇ.ബി.-3) ഗ്രീന്‍കാര്‍ഡിനു അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ 2006 മുതല്‍ മന്ദഗതിയിലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് നഴ്സുമാരുടെ കുത്തൊഴുക്ക് ഉണ്ടായപ്പോള്‍ അമേരിക്കയിലേക്ക് വരുന്ന നഴ്സുമാരുടെ എണ്ണം താരതമ്യേനെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവേശന നടപടിക്രമങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപേക്ഷകര്‍ക്ക് യഥാക്രമം ഫയല്‍നമ്പര്‍ കൊടുത്തുതുടങ്ങി. ഇങ്ങനെ ഫയല്‍ നമ്പര്‍ കിട്ടിയവരെ പ്രയോറിറ്റി ഡേറ്റിനുസരിച്ച് ഇന്റര്‍വ്യൂവിന് വിളിക്കുന്നതായിരിക്കും.

ഗ്രീന്‍ കാര്‍ഡ് ഓക്കെ ആകുന്നതോടെ വിസ ലഭിക്കേണ്ട താമസം ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബ സമേതം അമേരിക്കയിലേക്ക് വരാനാകും. അതേസമയം യുഎസ് കമ്പനികള്‍ക്ക് കുടിയേറ്റക്കാരിലെ വിദഗ്ദരെ ജോലിക്കെടുക്കുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതില്‍ ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബില്ലിനെ വൈറ്റ് ഹൗസ് പിന്തുണച്ചത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായിരിക്കുകയാണ്. ജനപ്രതിനിധി സഭയില്‍ ഈക്വല്‍ ആക്സസ് ടു ഗ്രീന്‍ കാര്‍ഡ് ഫോര്‍ ലീഗല്‍ എംപ്ലോയ്മെന്റ് (ഈഗിള്‍) ആക്ട് പാസ്സായാല്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ രാജ്യം നോക്കാതെ യോഗ്യത അനുസരിച്ച് ലഭിക്കും.

അറ്റ്ലാന്റയ്ക്കടുത്ത് അഗസ്റ്റയിലാണ് ആര്‍എന്‍ ഫോഴ്സിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്‍ക്ലെക്സ്, ഗ്രീന്‍ കാര്‍ഡ് അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും അപേക്ഷകരുടെ സംശയദുരീകരണവുമായി ആര്‍എന്‍ഫോഴ്സ് ടീമും വിജയ് നായരും കൂടെ നില്‍ക്കുന്നു. മെഡിക്കല്‍ കോളജ് ഓഫ് ജോര്‍ജിയയില്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നഴ്സ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്തു വരികയായിരുന്ന വിജയ് നായര്‍ പത്ത് വര്‍ഷം മുന്‍പാണ് ആര്‍എന്‍ ഫോഴ്സ് എന്ന് സ്ഥാപനം തുടങ്ങുന്നത്. പത്ത് വര്‍ഷം മുന്‍പ് നഴ്സിംഗ് ലൈസന്‍സ് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അന്ന് ഈ രംഗത്തുള്ളവര്‍ പലരും അനുഭവിച്ച ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നാണ് അമേരിക്കയിലേക്ക് വരാനാഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ നഴ്സിംഗ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയാലോ എന്ന ആശയം ഉടലെടുക്കുന്നതെന്ന് വിജയ് നായര്‍ പറഞ്ഞു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. മികവുറ്റ പ്രവര്‍ത്തനങ്ങളുമായി ആര്‍എന്‍ ഫോഴ്സ് ഇന്ന് മുന്നോട്ടു കുതിക്കുന്നു.

കഴിഞ്ഞ 17 വര്‍ഷമായി വിജയ് നായരും കുടുംബവും അമേരിക്കയിലുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കളും അമേരിക്കയില്‍ തന്നെയാണ്. വിജയ് നായരുടെ ഭാര്യ മീരാ നായര്‍ മിലിട്ടറി ഹോസ്പിറ്റലില്‍ നഴ്സാണ്. ഗിരിനാഥ് നായര്‍, ഹരിനാഥ് നായര്‍ എന്നിവരാണ് മക്കള്‍. വിദേശരാജ്യങ്ങളില്‍ മലയാളി നഴ്സുമാര്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നു എന്നു പറയുന്നത് ശരിയാണെന്ന് വിജയ് നായര്‍ സാക്ഷ്യപ്പെടുത്തുന്നു. 2007 മുതല്‍ മെഡിക്കല്‍ കോളേജ് ഓഫ് ജോര്‍ജിയയില്‍ നഴ്സ് ഇന്‍ചാര്‍ജ്ജായി ജോലി ചെയ്തു വരുന്നതിനിടെ ഈ രംഗത്തുള്ള നിരവധി ആളുകളുമായി ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് മലയാളി നഴ്സുമാര്‍ കൂടുതല്‍ കഠിനാധ്വാനികളാണ്. രോഗികളോട് കൂടുതല്‍ കരുണയോടെ പെരുമാറുന്നവരാണ്, ആര്‍ക്കും എന്തു സഹായത്തിനും കൂടെ നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഒരു പ്രത്യേക പരിഗണനയുണ്ടെന്നുള്ളതില്‍ അതിശയമില്ലെന്ന് വിജയ് നായര്‍ പറയുന്നു.

അമേരിക്കയില്‍ നഴ്സുമാര്‍ക്കുള്ള വന്‍ സാധ്യതകളെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത നിരവധി നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും കേരളത്തിലും ഇന്ത്യയിലുമുണ്ടെന്ന് വിജയ് നായര്‍ പറയുന്നു. അവര്‍ ഇത്തരം അവസരങ്ങളെക്കുറിച്ച് ബോധവാന്മാരാകണം. എന്‍ക്ലെക്സ് പരീക്ഷ പാസാകാനും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമായിക്കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂരിലും ചെന്നൈയിലുമെല്ലാം പരീക്ഷാകേന്ദ്രങ്ങളുണ്ട്. പേപ്പര്‍ വര്‍ക്കുകളുടെ കാര്യമെല്ലാം ആര്‍എന്‍ ഫോഴ്സിനെ ഏല്‍പ്പിച്ചാല്‍ അമേരിക്കയിലെ എംപ്ലോയറുടെ നഴ്സിംഗ് ജോബ് ഡിമാന്‍ഡനുസരിച്ച് ഗ്രീന്‍കാര്‍ഡ് കിട്ടുംവരെയുള്ള കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. ലൈസന്‍സിംഗ്, ഡോക്യുമെന്റേഷന്‍, ലൈസന്‍സ് ട്രാന്‍സ്ഫര്‍, കനേഡിയന്‍ TN Visa പ്രോസസ്, ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഏജന്‍സി ചെയ്തുകൊടുക്കുന്നു.

നിലവില്‍ അമേരിക്കയിലെ പല ആശുപത്രികളിലും നഴ്സുമാരുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഴ്സിംഗ് ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്നും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് നഴ്സുമാരുടെ കുതിച്ചുചാട്ടം തന്നെ ഉണ്ടാകുമെന്നും നേരത്തേ അമേരിക്കന്‍ നഴ്സിംഗ് ബോര്‍ഡ് അംഗമായ ബ്രിജിറ്റ് വിന്‍സെന്റ് അഭിപ്രായപ്പെട്ടിരുന്നു. ഈക്വല്‍ ആക്സസ് ടു ഗ്രീന്‍ കാര്‍ഡ് ഫോര്‍ ലീഗല്‍ എംപ്ലോയ്മെന്റ് (ഈഗിള്‍) ആക്ട് കൂടി പാസ്സാകുന്നതോടെ ഇന്ത്യന്‍ നഴ്സുമാരുടെ അമേരിക്കന്‍ സ്വപ്നം കാത്തിരിപ്പിന്റെ ദൈര്‍ഘ്യമില്ലാതെ സഫലമാകും. ഈ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ആര്‍എന്‍ ഫോഴ്സുമായി വിജയ് നായരും സംഘവും സദാ പ്രവര്‍ത്തനനിരതരായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here